ഇത്തവണയും ഭാഗ്യം മലയാളിക്കൊപ്പം; അബുദാബി ബിഗ് ടിക്കറ്റില്‍ ലക്ഷങ്ങൾ നേടി നാല് ഇന്ത്യക്കാര്‍


അബുദാബി: ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഇത്തവണയും മലയാളി ഉള്‍പ്പെടെ നാല് ഇന്ത്യക്കാരെ ഭാഗ്യം തുണച്ചു. മേയിലെ അവസാന പ്രതിവാര ഇ-നറുക്കെടുപ്പില്‍ ഒരു ലക്ഷം ദിർഹത്തിന്റെ (25,93,023രൂപ) ആകെ സമ്മാനത്തുകയാണ് നാലു പേരും പങ്കിട്ടെടുത്തത്.

ജൂണ്‍ മാസത്തില്‍ രണ്ടര കോടി ദിർഹത്തിന്റെ ബമ്പർ സമ്മാനത്തുക ഉള്‍പ്പെടെ നിരവധി ഭാഗ്യ സമ്മാനങ്ങളാണ് ബിഗ് ടിക്കറ്റ് ഒരുക്കിയിരിക്കുന്നത്.

അഞ്ച് വർഷമായി ബഹ്‌റൈനില്‍ സെയില്‍സ്‌മാനായി ജോലി ചെയ്യുന്ന അനസ് വാഴയില്‍ (37) ആണ് സമ്മാനം ലഭിച്ച മലയാളി. കഴിഞ്ഞ മൂന്ന് വർഷമായി പത്ത് സുഹൃത്തുക്കളുമായി ചേർന്നാണ് ഇദ്ദേഹം ടിക്കറ്റെടുക്കുന്നത്.

 ഇപ്പോള്‍ ലഭിച്ച സമ്മാനത്തുക സുഹൃത്തുക്കളുമായി പങ്കിട്ടെടുക്കുമെന്ന് അനസ് പറഞ്ഞു. ഒരുമിച്ച്‌ ടിക്കറ്റെടുക്കുമെന്നത് ഇനിയും തുടരുമെന്നും അദ്ദേഹം പറഞ്ഞു.

എമിറേറ്റ്‌സ് ഗ്ലോബല്‍ അലുമിനിയത്തില്‍ കണ്‍ട്രോള്‍ റൂം ഓപ്പറേറ്ററായി ജോലി ചെയ്യുന്ന ചെന്നൈ സ്വദേശി ജയഗണേഷ് മോഹൻ ആണ് സമ്മാനം ലഭിച്ച മറ്റൊരു ഇന്ത്യക്കാരൻ. 

കഴിഞ്ഞ പത്ത് വർഷമായി ദുബായില്‍ താമസിക്കുന്ന ഇദ്ദേഹം 11 സഹപ്രവർത്തകരുമായി ചേർന്നാണ് ടിക്കറ്റെടുത്തത്. ഗ്രൂപ്പിലെ ആളുകളുടെ എണ്ണത്തെ സൂചിപ്പിക്കുന്ന 11 എന്ന നമ്പർ ഉള്‍പ്പെടുന്ന ടിക്കറ്റാണ് ഇവർക്ക് ഭാഗ്യം കൊണ്ടുവന്നത്.

സിനിമാ സംവിധായകവും മുംബൈ സ്വദേശിയുമായ 56കാരൻ തേജല്‍ പട്‌നിക്കാണ് ഭാഗ്യം തേടിയെത്തിയ മൂന്നാമൻ. 

കഴിഞ്ഞ 49 വർഷമായി ഇദ്ദേഹം കുടുംബമായി ദുബായിലാണ് താമസം. ആദ്യമായാണ് ഇദ്ദേഹത്തിന് ബിഗ് ടിക്കറ്റില്‍ സമ്മാനം ലഭിക്കുന്നത്. തേജലിന്റെ 13കാരിയായ മകള്‍ തിരഞ്ഞെടുത്ത 13 എന്ന സംഖ്യ ഉള്‍പ്പെടുന്ന ടിക്കറ്റിനാണ് ഭാഗ്യം ലഭിച്ചത്.

ബംഗളൂരുവിലെ സോഫ്‌റ്റ്‌വെയർ എഞ്ചിനീയറായ തിരുസെന്തില്‍കുമാർ പാണ്ഡ്യൻ ആണ് നാലാമത്തെ ഭാഗ്യശാലി. മുമ്പ് നാല് വർഷം ദുബായിലായിരുന്ന ഇദ്ദേഹം കഴിഞ്ഞ ആറ് വർഷമായി സ്വന്തം നിലയില്‍ ടിക്കറ്റെടുത്ത് ഭാഗ്യം പരീക്ഷിച്ച്‌ വരികയാണ്.

വളരെ പുതിയ വളരെ പഴയ