ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ പകല്‍ക്കൊള്ളയ്ക്ക് ഇരയായ അനുഭവം തുറന്നു പറഞ്ഞ് പ്രവാസി. ദോഹയില്‍ നിന്ന് കുടുംബ സമേതം നാട്ടിലേക്ക് വരാന്‍ മാസങ്ങള്‍ക്ക് മുന്‍പ് കൊച്ചിയിലേക്ക് ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ ടിക്കറ്റ് ബുക്ക് ചെയ്ത പ്രവാസിക്കാണ് ദുരനുഭവം നേരിട്ടത്.
എയര്‍ലൈന്‍ കമ്പനി വന്‍ തട്ടിപ്പ് നടത്തിയെന്നാരോപിച്ച് ഇദ്ദേഹം അധികൃതര്‍ക്ക് പരാതി നല്‍കി.
മേയ് 31 ന് രാവിലെ എട്ടിന് ദോഹയില്‍ നിന്ന് പുറപ്പെടുന്ന വിമാനത്തിനാണ് പ്രവാസിയായ തോമസ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. മടക്ക ടിക്കറ്റ് സഹിതമായിരുന്നു ബുക്കിങ്. എന്നാല്‍, തലേന്ന് മുതല്‍ ഒരു യുഎസ് നമ്പരില്‍ നിന്ന് നിരന്തരം കാള്‍ വന്നു കൊണ്ടിരുന്നുവെന്ന് തോമസ് പറയുന്നു.
ഒടുവില്‍ 31 ന് രാവിലെ തോമസ് കാള്‍ അറ്റന്‍ഡ് ചെയ്തു. തനിക്ക് പോകാനുളള വിമാനം സാങ്കേതിക കാരണങ്ങളാല്‍ റദ്ദാക്കിയെന്നും ടിക്കറ്റ് തുക മുഴുവന്‍ മടക്കി നല്‍കി കാന്‍സല്‍ ചെയ്യാമെന്നും വിളിച്ചയാള്‍ പറഞ്ഞു.
എയര്‍പോര്‍ട്ടിലേക്ക് പോകാന്‍ ഒരുങ്ങി നിന്ന തോമസ് പരിഭ്രാന്തനായി ടിക്കറ്റ് റദ്ദാക്കി. എയര്‍ലൈന്‍ കമ്പനിയില്‍ നിന്ന് ലഭിച്ച മെയിലില്‍ സംശയം തോന്നിയതിനാല്‍ കസ്റ്റമര്‍ കെയറിലേക്ക് വിളിച്ചു.
അവിടെ നിന്നും ഇതേ അറിയിപ്പാണ് കിട്ടിയത്. എന്നാല്‍, ദോഹ എയര്‍പോര്‍ട്ടില്‍ അന്വേഷിച്ചപ്പോള്‍ തനിക്ക് പോകാനുള്ള വിമാനം കാന്‍സല്‍ ചെയ്തിട്ടില്ലെന്നാണ് തോമസിന് വിവരം ലഭിച്ചത്.
മാത്രവുമല്ല, വിമാനം കൊച്ചിയിലേക്ക് പുറപ്പെടുകയും ചെയ്തു. വീണ്ടും കസ്റ്റമര്‍ കെയറില്‍ വിളിച്ചപ്പോഴാണ് തട്ടിപ്പ് മനസിലായത്. ഇങ്ങനെ കുറച്ചേറെ ടിക്കറ്റുകള്‍ ഇവര്‍ കള്ളം പറഞ്ഞ് റദ്ദാക്കിയിട്ടുണ്ട്. ഇങ്ങനെ റദ്ദാക്കിയ ടിക്കറ്റുകള്‍ കൂടിയ തുകയ്ക്ക് മറിച്ചു വിറ്റിരിക്കാമെന്ന് തോമസിന് സംശയം തോന്നി.
കാരണം മാസങ്ങള്‍ക്ക് മുന്‍പ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നതിനാല്‍ കുറഞ്ഞ തുകയാണ് കൊടുക്കേണ്ടിയിരുന്നത്. ഇപ്പോള്‍ ടിക്കറ്റിന് അത്യാവശ്യക്കാര്‍ വന്നാല്‍ ചോദിക്കുന്ന തുകയ്ക്ക് മറിച്ചു നല്‍കാമെന്ന് കണ്ടാണ് ഇത്തരമൊരു കള്ളക്കളി നടന്നതെന്ന് തോമസ് പറയുന്നു.
ഇതു സംബന്ധിച്ച് ഔദ്യോഗിക ഇമെയില്‍ കമ്യൂണിക്കേഷന് പോലും കമ്പനി തയാറായില്ലെന്ന് തോമസ് പറഞ്ഞു. ഇത് കമ്പനിയും ഉദ്യോഗസ്ഥരും അറിഞ്ഞുളള തട്ടിപ്പാണ്.
ഇതേപ്പറ്റി പരാതിപ്പെടാന്‍ ഇ-മെയില്‍ ചോദിച്ചപ്പോള്‍ മനസില്ലാ മനസോടെ തന്നു.മറ്റൊരു വിമാനത്തില്‍ വന്‍ തുകയ്ക്ക് ടിക്കറ്റ് എടുത്താണ് തനിക്കും കുടുംബത്തിനും നാട്ടിലെത്താന്‍ കഴിഞ്ഞതെന്ന് തോമസ് പറഞ്ഞു.
ഇക്കാര്യം ചൂണ്ടിക്കാട്ടി അധികൃതര്‍ക്ക് പരാതി നല്‍കി. റദ്ദാക്കിയ ടിക്കറ്റിന്റെ മുഴുവന്‍ തുകയും തിരിച്ച് നല്‍കുമെന്ന് പറഞ്ഞ ഇന്‍ഡിഗോ കമ്പനി 30 ശതമാനം കുറച്ചാണ് നല്‍കിയത്. ശേഷിച്ച തുക പിന്നീട് അക്കൗണ്ടിലെത്തുമെന്നാണ് അറിയിച്ചിട്ടുളളത്.
