യു എ ഇ: ഫാഷൻ ലോകത്തെ പുതിയ പ്രവണതകളും അമിത ഉപഭോഗവും വരുത്തിവെക്കുന്ന തുണിമാലിന്യങ്ങള്‍ക്ക് ശാശ്വത പരിഹാരവുമായി യുണൈറ്റഡ് അറബ് എമിറേറ്റ്സ്.
തുണിത്തരങ്ങളുടെ പുനരുപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും വിപണിയെ പൂർണ്ണമായും പരിസ്ഥിതി സൗഹൃദമാക്കുന്നതിനുമായി ‘നസീജ്’ എന്ന പേരില്‍ പുതിയ ദേശീയ പദ്ധതിക്ക് രാജ്യത്ത് തുടക്കമായി.
യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അല്‍ നഹ്യാന്റെ പ്രത്യേക നിർദേശപ്രകാരമാണ് ‘നാഷണല്‍ ഇനിഷ്യേറ്റീവ് ഫോർ ടെക്‌സ്റ്റൈല്‍ സർക്കുലാരിറ്റി’ എന്ന ഈ ബൃഹദ് പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നത്.
തുണിത്തരങ്ങളുടെ അമിത ഉപഭോഗം കുറയ്ക്കുകയും വിഭവങ്ങള്‍ പരമാവധി പുനരുപയോഗിച്ച് സാമ്പത്തിക-പരിസ്ഥിതി നേട്ടങ്ങള്‍ കൈവരിക്കുകയുമാണ് നസീജിലൂടെ രാജ്യം ലക്ഷ്യമിടുന്നത്.
നിലവിലെ കണക്കുകള്‍ പ്രകാരം യുഎഇയില്‍ മാത്രം പ്രതിവർഷം ഏകദേശം 2,20,000 ടണ്‍ തുണിത്തരങ്ങളാണ് മാലിന്യമായി തള്ളപ്പെടുന്നത്. പരിസ്ഥിതിക്ക് വലിയ ഭീഷണിയുയർത്തുന്ന ഈ പ്രവണതയ്ക്ക് തടയിടാൻ ലക്ഷ്യമിട്ടാണ് നസീജ് പദ്ധതി രംഗത്തു വരുന്നത്.
നാഷണല്‍ പ്രോജക്‌ട്‌സ് ഓഫീസ്, സാമ്പത്തിക-വിനോദസഞ്ചാര മന്ത്രാലയം, എമിറേറ്റ്‌സ് ഫൗണ്ടേഷൻ, തദ്‌വീർ ഗ്രൂപ്പ് എന്നിവയുടെ സംയുക്ത പങ്കാളിത്തത്തോടെയാണ് ഈ സുസ്ഥിര വികസന മാതൃക നടപ്പിലാക്കുന്നത്.
പഴയ വസ്ത്രങ്ങളും തുണിത്തരങ്ങളും ശേഖരിച്ച് ശാസ്ത്രീയമായി പുനരുപയോഗിക്കാനുള്ള വിപുലമായ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുകയാണ് ഇതിന്റെ ആദ്യ പടി.
സുസ്ഥിരത എന്നത് കേവലം ഒരു വാക്കല്ല, മറിച്ച് യുഎഇയുടെ പൊതുവായ ഉത്തരവാദിത്വമാണെന്ന് പദ്ധതി പ്രഖ്യാപിച്ചു കൊണ്ട് പ്രസിഡൻഷ്യല്‍ കോർട്ട് ഫോർ നാഷണല്‍ പ്രോജക്‌ട്‌സ് ഡെപ്യൂട്ടി ചെയർപേഴ്‌സണ്‍ ഷെയ്ഖ മറിയം ബിൻത് മുഹമ്മദ് ബിൻ സായിദ് അല്‍ നഹ്യാൻ ഓർമ്മിപ്പിച്ചു.
പ്രതിസന്ധികളെ അവസരങ്ങളാക്കി മാറ്റി ഭാവിതലമുറയ്ക്കായി മികച്ചൊരു അന്തരീക്ഷം കെട്ടിപ്പടുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അവർ കൂട്ടിച്ചേർത്തു.
ഉപഭോക്താക്കളില്‍ ഉത്തരവാദിത്വമുള്ള ഉപഭോഗ ശീലങ്ങള്‍ വളർത്തുന്നതിനൊപ്പം തുണിത്തരങ്ങളുടെ മൂല്യ ശൃംഖലയില്‍ സുസ്ഥിരമായ മാറ്റങ്ങള്‍ കൊണ്ടുവരാൻ ആവശ്യമായ കർശനമായ നയങ്ങളും നിയന്ത്രണങ്ങളും പദ്ധതിയുടെ ഭാഗമായി രാജ്യം നടപ്പിലാക്കും.
പദ്ധതിയെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനായി ഈ മാസം അഞ്ചാം തീയതി മുതല്‍ ഏഴാം തീയതി വരെ അബുദാബി യാസ് മാളില്‍ പ്രത്യേക പരിപാടി സംഘടിപ്പിക്കുന്നുണ്ട്.
'ദ ഫാബ്രിക് ഓഫ് പോസിബിലിറ്റി' എന്ന് പേരിട്ടിരിക്കുന്ന ഈ പ്രദർശനത്തിലൂടെ തുണിമാലിന്യങ്ങള്‍ എങ്ങനെ കുറയ്ക്കാമെന്നും അവ എപ്രകാരം പുനരുപയോഗിക്കാമെന്നും പൊതുജനങ്ങള്‍ക്ക് നേരിട്ട് മനസ്സിലാക്കാൻ സാധിക്കും. വരും ദിവസങ്ങളില്‍ ഈ ബോധവത്കരണ പരിപാടി യുഎഇയുടെ വിവിധ എമിറേറ്റുകളിലേക്ക് വ്യാപിപ്പിക്കാനാണ് അധികൃതരുടെ തീരുമാനം.
കോപ്-28 ഉച്ചകോടിയുടെ തുടർച്ചയായി പ്രഖ്യാപിക്കപ്പെട്ട ഈ ഉദ്യമം യുഎഇ സർക്കുലർ ഇക്കോണമി പോളിസി 2031-ന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ നിർണായക പങ്കുവഹിക്കുമെന്ന് സാമ്പത്തിക-വിനോദസഞ്ചാര മന്ത്രി അബ്ദുല്ല ബിൻ തൂഖ് അല്‍ മർറിയും വ്യക്തമാക്കി.
