ദുബായ്: യു.എ.ഇ.യിലെ യാത്രാ മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിക്കൊണ്ട് അജ്മാനില്‍ ടാക്‌സി, ഇ-ഹെയ്‌ലിങ്, ലിമോസിൻ സേവനങ്ങള്‍ വൻതോതില്‍ വികസിപ്പിക്കുന്നു.
ഇതിനായി പ്രമുഖ പൊതുഗതാഗത സേവനദാതാക്കളായ ദുബായ് ടാക്‌സി കമ്പനിയും എ.ജെ. ഇൻഡസ്ട്രീസ് എല്‍.എ.സി.യും തമ്മില്‍ തന്ത്രപ്രധാനമായ ധാരണാപത്രത്തില്‍ ഒപ്പു വെച്ചു.
ദുബായ് ടാക്സി കമ്പനിയുടെ അത്യാധുനിക ഡിജിറ്റല്‍ ഇൻഫ്രാസ്ട്രക്ചറും പ്രവർത്തന വൈദഗ്ധ്യവും പ്രയോജനപ്പെടുത്തി അജ്മാനിലെ പൊതുഗതാഗത സംവിധാനത്തെ അടുത്ത ഘട്ടത്തിലേക്ക് ഉയർത്തുകയാണ് ഈ സഖ്യത്തിന്റെ പ്രധാന ലക്ഷ്യം.
ഡി.ടി.സി.യുടെ ദുബായിക്ക് പുറത്തേക്കുള്ള സേവന വ്യാപനത്തില്‍ ഇതൊരു സുപ്രധാന ചുവടുവെപ്പാണെന്ന് ദുബായ് ടാക്സി കമ്പനി ഗ്രൂപ്പ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ മൻസൂർ റഹ്‌മ അല്‍ഫലസി വ്യക്തമാക്കി.
നിലവില്‍ യു.എ.ഇ. വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ച് അജ്മാനിലെ സ്കൂള്‍ ബസ് സർവീസുകള്‍ വിജയകരമായി നിയന്ത്രിക്കുന്നത് ഡി.ടി.സി.യാണ്. ഇതിന് പിന്നാലെയാണ് ലിമോസിൻ, ടാക്സി സർവീസുകളിലേക്കും കമ്പനി കാല്‍വെപ്പ് നടത്തുന്നത്.
പുതിയ സഹകരണം എമിറേറ്റിലെ സാമ്പത്തിക, ഗതാഗത വികസനത്തിന് വലിയ രീതിയില്‍ ഊർജ്ജം പകരുമെന്ന് എ.ജെ. ഇൻഡസ്ട്രീസ് ഗ്രൂപ്പ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ ഒമർ ബിൻ ഒമൈർ അല്‍ മുഹൈരിയും പ്രത്യാശ പ്രകടിപ്പിച്ചു.
രാജ്യാന്തര തലത്തില്‍ ശ്രദ്ധേയമായ ‘ബോള്‍ട്ട്’ ഉള്‍പ്പെടെയുള്ള പ്രമുഖ ഇ-ഹെയ്‌ലിങ് ആപ്പുകളെ അജ്മാനിലെ ടാക്‌സി ശൃംഖലയുമായി സംയോജിപ്പിക്കുക എന്നതാണ് പുതിയ കരാറിലെ ഏറ്റവും ആകർഷകമായ ഘടകം. ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ വേഗത്തിലും സുതാര്യമായും ഓണ്‍ലൈൻ വഴി ടാക്സികള്‍ ബുക്ക് ചെയ്യാൻ സാധിക്കും.
അതോടൊപ്പം തന്നെ, കോർപ്പറേറ്റ് സ്ഥാപനങ്ങള്‍ക്കായുള്ള പ്രത്യേക മൊബിലിറ്റി സേവനങ്ങള്‍, വിനോദ സഞ്ചാര മേഖലയെ ലക്ഷ്യമിട്ടുള്ള പ്രീമിയം ലക്ഷ്വറി ഗതാഗത സൗകര്യങ്ങള്‍ എന്നിവയും വരും ദിവസങ്ങളില്‍ ഈ പങ്കാളിത്തത്തിലൂടെ അജ്മാനില്‍ യാഥാർത്ഥ്യമാകും.
