കോവിഡ് മഹാമാരിയെ തുടർന്ന് വിവാഹ ചടങ്ങ് റദ്ദാക്കേണ്ടി വന്ന വധുവിന് ഈവന്റ് മാനേജ്‌മെന്റ് കമ്പനി ലക്ഷങ്ങൾ തിരികെ നൽകണമെന്ന് ഖത്തറിലെ ഇൻവെസ്റ്റ്‌മെന്റ് ആൻഡ് കൊമേഴ്‌സ് കോടതി ഉത്തരവിട്ടു. മുൻകൂറായി നൽകിയ 1,35,000 ഖത്തർ റിയാൽ തിരികെ നൽകുന്നതിന് പുറമേ, വധുവിന് 20,000 റിയാൽ നഷ്ടപരിഹാരവും നിയമനടപടികൾക്കായി ചെലവായ തുകയും ഈവന്റ് കമ്പനി നൽകണമെന്ന ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയുടെ വിധി കോടതി ശരിവെയ്ക്കുകയായിരുന്നു. അൽ ശർഖ് പത്രമാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.
വിവാഹ ചടങ്ങ് സംഘടിപ്പിക്കുന്നതിനായി വധു ഈവന്റ് കമ്പനിയുമായി 1,35,000 ഖത്തർ റിയാൽ നൽകി കരാറിൽ ഒപ്പുവെച്ചിരുന്നു. എന്നാൽ കോവിഡ് വ്യാപനം കാരണം വിവാഹ ഹാളുകൾ അടയ്ക്കുകയും ഒത്തുചേരലുകൾക്ക് നിരോധനം ഏർപ്പെടുത്തുകയും ചെയ്തതോടെ നിശ്ചയിച്ച സമയത്ത് വിവാഹം നടത്താൻ സാധിച്ചില്ല. കോവിഡ് നിയന്ത്രണങ്ങൾ കാരണം കരാർ പാലിക്കാൻ കഴിയാതെ വന്ന നിർബന്ധിത സാഹചര്യം വ്യക്തമായി ബോധ്യപ്പെട്ടിട്ടും, വാങ്ങിയ തുക തിരിച്ചു നൽകാനോ മറ്റ് സേവനങ്ങൾ നൽകാനോ കമ്പനി തയ്യാറായില്ല. തുടർന്നാണ് വധു നിയമപോരാട്ടത്തിന് ഇറങ്ങിയത്.
കമ്പനിക്ക് നൽകിയ തുക തിരിച്ചുപിടിക്കണമെന്നും നഷ്ടപരിഹാരമായി ഒരു ലക്ഷം റിയാൽ നൽകണമെന്നും ആവശ്യപ്പെട്ടായിരുന്നു സ്ത്രീ കോടതിയെ സമീപിച്ചത്. നിയമപരമായ യാതൊരു ന്യായീകരണവുമില്ലാതെ കമ്പനി പണം കൈവശം വെച്ചതുമൂലം തനിക്ക് സാമ്പത്തികവും മാനസികവുമായ നഷ്ടങ്ങളുണ്ടായതായി പരാതിക്കാരി ചൂണ്ടിക്കാട്ടി. വധുവിന്റെ അഭിഭാഷകൻ സമർപ്പിച്ച തെളിവുകൾ സൂക്ഷ്മമായി പരിശോധിച്ച ശേഷമാണ് കോടതി അന്തിമ വിധി പുറപ്പെടുവിച്ചത്.
