ഭക്ഷ്യ സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് രാജ്യത്തെ മൂന്ന് ഭക്ഷ്യ സ്ഥാപനങ്ങൾ താൽക്കാലികമായി അടച്ചുപൂട്ടാൻ ഖത്തർ മുനിസിപ്പാലിറ്റി മന്ത്രാലയം ഉത്തരവിട്ടു. മുനിസിപ്പൽ ഹെൽത്ത് കൺട്രോൾ സംഘം നടത്തിയ കർശനമായ പരിശോധനാ കാമ്പയിന്റെ ഭാഗമായാണ് ഈ നിയമലംഘനങ്ങൾ കണ്ടെത്തിയത്.
അൽ നൈമി കഫറ്റീരിയ മൂന്നു ദിവസത്തേക്കും, പാരീസ് ഹൈപ്പർമാർക്കറ്റിലെ ബുച്ചറി വിഭാഗം 45 ദിവസത്തേക്ക് ഭാഗികമായും അടച്ചുപൂട്ടാനാണ് നിർദേശം നൽകിയിരിക്കുന്നത്. ഇതോടൊപ്പം ഷൈ എക്സ്പ്രസ് റെസ്റ്റോറന്റ് 15 ദിവസത്തേക്ക് അടച്ചുപൂട്ടാനും മന്ത്രാലയം ഉത്തരവിട്ടിട്ടുണ്ട്.
പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട് മന്ത്രാലയം മുന്നോട്ടുവെക്കുന്ന നിർദിഷ്ട ചട്ടങ്ങൾ പാലിക്കാതെ ഭക്ഷണം തയ്യാറാക്കുക, അവ കൈകാര്യം ചെയ്യുക തുടങ്ങിയ നിയമലംഘനങ്ങൾ നടത്തിയതിനാണ് ഈ സ്ഥാപനങ്ങൾക്കെതിരെ ഇപ്പോൾ നടപടിയെടുത്തിരിക്കുന്നത്.
