ദുബായ്: ആരോഗ്യ പരിപാലന രംഗത്തെ നഴ്സിങ് മേഖലയിൽ കൂടുതൽ സ്വദേശി നിയമനങ്ങൾക്ക് ഒരുങ്ങി യുഎഇ. ആകർഷകമായ ആനുകൂല്യങ്ങളും മികച്ച തൊഴിൽ സാഹചര്യങ്ങളും ഉറപ്പുനൽകി കൂടുതൽ സ്വദേശി പൗരന്മാരെ ഈ രംഗത്തേക്ക് ആകർഷിക്കാനാണ് മന്ത്രാലയത്തിന്റെ ശ്രമം. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ 1897 സ്വദേശികൾ നഴ്സിങ് ജോലി തിരഞ്ഞെടുത്തതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. നിലവിൽ രാജ്യത്തെ ആകെ നഴ്സുമാരിൽ 2.8 ശതമാനം മാത്രമാണ് സ്വദേശികളുള്ളത്. മുൻപ് ലക്ഷ്യമിട്ട സ്വദേശിവൽക്കരണ നിരക്കിലേക്ക് എത്താൻ സാധിക്കാത്ത സാഹചര്യത്തിലാണ് മന്ത്രാലയം വിപുലമായ പ്രചാരണ പരിപാടികളിലേക്ക് കടക്കുന്നത്.
നിലവിൽ രാജ്യത്തെ വിവിധ സ്ഥാപനങ്ങളിലായി 2500 സ്വദേശി നഴ്സിങ് വിദ്യാർഥികൾ പഠിക്കുന്നുണ്ട്. ഈ മേഖലയിലേക്ക് കൂടുതൽ ആൺകുട്ടികൾ കടന്നുവരുന്നത് വലിയ പ്രതീക്ഷയോടെയാണ് രാജ്യം കാണുന്നത്. മുൻപ് തുടക്കത്തിൽ രണ്ട് ആൺകുട്ടികൾ മാത്രമുണ്ടായിരുന്ന നഴ്സിങ് ക്ലാസുകളിൽ ഇപ്പോൾ മുന്നൂറോളം പേർ പഠിക്കുന്നുണ്ട്.
തൊഴിൽ പരിശീലനവും നിയമനവും നൽകുന്ന സർക്കാർ സംവിധാനമായ 'നാഫിസ്' (Nafis), വിവിധ അക്കാദമികൾ, ആരോഗ്യ സ്ഥാപനങ്ങൾ, എമിറേറ്റ്സ് നഴ്സിങ് അസോസിയേഷൻ എന്നിവയുമായി സഹകരിച്ചാണ് ദേശീയ തലത്തിൽ ഈ പദ്ധതി നടപ്പാക്കുന്നത്. സ്വദേശികൾക്ക് കൂടുതൽ അവസരങ്ങൾ ഉറപ്പാക്കുന്നതിന്റെ ഭാഗമായി വിദേശികളായ നഴ്സിങ്, മിഡ്വൈഫറി പ്രഫഷനലുകളുടെ എണ്ണം നിയന്ത്രിക്കുന്നതിനെക്കുറിച്ചും യുഎഇ ഭരണകൂടം ആലോചിക്കുന്നുണ്ട്.
