ദോഹ: ഭക്ഷ്യനിയമം ലംഘിച്ചതിനെ തുടർന്ന് ഖത്തറിലെ മൂന്ന് മുനിസിപ്പാലിറ്റികളിലായി രണ്ട് റെസ്റ്റോറന്റുകളും ഒരു കഫറ്റീരിയയും അടച്ചുപൂട്ടാൻ മുനിസിപ്പാലിറ്റി മന്ത്രാലയം ഉത്തരവിട്ടു. 1990-ലെ 8-ാം നമ്പർ നിയമം ലംഘിച്ചതിനാണ് അധികൃതരുടെ ഈ നടപടി.
അൽ ഷമാൽ മുനിസിപ്പാലിറ്റിയിലെ അൽ റുവൈസ് റെസ്റ്റോറന്റ് കാലാവധി കഴിഞ്ഞ ഭക്ഷണം വിതരണം ചെയ്തതിനെ തുടർന്ന് ഏഴ് ദിവസത്തേക്ക് അടപ്പിച്ചു. വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം തയ്യാറാക്കിയതിന് ഉം സലാൽ മുനിസിപ്പാലിറ്റിയിലെ ഉം അൽ അമദ് കഫറ്റീരിയ അഞ്ച് ദിവസത്തേക്കും, അൽ റയ്യാൻ മുനിസിപ്പാലിറ്റിയിലെ മറ്റൊരു റെസ്റ്റോറന്റ് പത്ത് ദിവസത്തേക്കും അടച്ചുപൂട്ടാൻ നിർദ്ദേശിച്ചു. അടച്ചുപൂട്ടൽ കാലയളവിൽ ഈ സ്ഥാപനങ്ങളിൽ യാതൊരുവിധ പ്രവർത്തനങ്ങളോ അറ്റകുറ്റപ്പണികളോ നടത്താൻ പാടില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.

