ദോഹ: ഖത്തറില്‍ ഏറെ ശ്രദ്ധ നേടുന്ന പാകിസ്ഥാൻ മാമ്പഴ മേള (ഹമ്പ എക്സിബിഷൻ) മൂന്നാം പതിപ്പുമായി വീണ്ടും എത്തുന്നു.
ജൂലൈ 9 മുതല്‍ 18 വരെ ദോഹയിലെ സൂഖ് വാഖിഫിന്റെ ഈസ്റ്റേണ്‍ സ്ക്വയറിലാണ് പത്ത് ദിവസത്തെ മേള സംഘടിപ്പിക്കുന്നത്.
പാകിസ്ഥാനിലെ വിവിധ പ്രദേശങ്ങളില്‍ നിന്ന് പ്രത്യേകമായി ഇറക്കുമതി ചെയ്യുന്ന പ്രശസ്ത മാമ്പഴ ഇനങ്ങളായ ചൗൻസ, അന്വർ റട്ടോള്‍, സിന്ധ്രി, ദുസ്സേഹ്രി എന്നിവ മേളയുടെ പ്രധാന ആകർഷണങ്ങളായിരിക്കും. എല്ലാ ദിവസവും വൈകിട്ട് 4 മണി മുതല്‍ രാത്രി 10 മണി വരെയാണ് സന്ദർശകർക്കായി മേള തുറന്നിരിക്കുന്നത്.
പുതിയ മാമ്പഴങ്ങള്‍ക്കൊപ്പം മാമ്പഴ ജ്യൂസുകള്‍, ഐസ്ക്രീമുകള്‍, മധുര പലഹാരങ്ങള്‍, പരമ്പരാഗത വിഭവങ്ങള്‍ തുടങ്ങി മാമ്പഴം ഉപയോഗിച്ചുള്ള വൈവിധ്യമാർന്ന ഭക്ഷ്യ വിഭവങ്ങളും കുടുംബ സമേതം ആസ്വദിക്കാനാകും.
കഴിഞ്ഞ വർഷം നടന്ന രണ്ടാം പതിപ്പില്‍ 60-ലധികം ഖത്തർ കമ്പനികളും 10-ത്തിലധികം പാകിസ്ഥാൻ മാമ്പഴ കയറ്റുമതിക്കാരും 25-ലധികം റസ്റ്റോറന്റുകളും ഫുഡ് ഔട്ട്ലെറ്റുകളും പങ്കെടുത്തിരുന്നു.
മാമ്പഴം ഉപയോഗിച്ചുള്ള പുതുമയാർന്ന വിഭവങ്ങളും പരമ്പരാഗത മധുര പലഹാരങ്ങളും സന്ദർശകരുടെ വലിയ ശ്രദ്ധ നേടിയിരുന്നു.
