നാട്ടിലേക്കുള്ള മടക്ക യാത്രയ്ക്കിടെ മെഡിക്കല്‍ എമര്‍ജന്‍സി അനൗണ്‍സ്‌മെന്റ്; അടിയന്തര പരിചരണം നൽകിയ മലയാളി നഴ്‌സ് പൂജ രാജകുമാരന് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ആദരം


അവധി ആഘോഷിക്കാന്‍ നാട്ടിലേക്കു മടങ്ങുകയായിരുന്നു പൂജ രാജകുമാരന്‍. വീട്ടിലെത്തിയാല്‍ ചെയ്തു തീര്‍ക്കേണ്ട കാര്യങ്ങളെ കുറിച്ച്‌ ആലോചിച്ചു കൊണ്ടിരിക്കുകയായിരുന്നു യുഎഇ റാസല്‍ഖൈമ ആശുപത്രിയിലെ കൊല്ലം പരവൂര്‍ സ്വദേശിനിയായ നഴ്‌സ്.

ദുബായില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഐഎക്‌സ് 530 വിമാനത്തിലായിരുന്നു യാത്ര. അങ്ങനെ ഓരോന്ന് ആലോചിച്ചിരിക്കെ, വിമാനത്തിനുള്ളില്‍ അപ്രതീക്ഷിതമായി ഒരു മെഡിക്കല്‍ എമര്‍ജന്‍സി അനൗണ്‍സ്‌മെന്റ്.

ജൂലൈ 1 ന് ദുബായില്‍ നിന്ന് വൈകിട്ട് 7.50ന് തിരുവനന്തപുരം ലക്ഷ്യമാക്കി വിമാനം പറന്നുയര്‍ന്ന് കുറച്ചു സമയത്തിനകം തന്നെ അടിയന്തര സഹായം തേടിയുള്ള അനൗണ്‍സ്‌മെന്റ് മുഴങ്ങി. 

വിമാനത്തില്‍ ഡോക്ടറോ നഴ്‌സോ ഉണ്ടെങ്കില്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് കാബിന്‍ ക്രൂ അഭ്യര്‍ത്ഥിച്ച സന്ദേശം കേട്ടയുടന്‍, പൂജയ്ക്ക് രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വന്നില്ല. അവര്‍ ഉടന്‍ തന്നെ സീറ്റില്‍ നിന്നെഴുന്നേറ്റ് കാബിന്‍ ക്രൂവിന് അരികിലേക്ക് ഓടിയെത്തി.

ദുബായിലെ ചികിത്സയ്ക്ക് ശേഷം നാട്ടിലേക്ക് മടങ്ങുകയായിരുന്ന ഒരു യാത്രക്കാരിക്കാണ് വിമാനത്തിനുള്ളില്‍ കടുത്ത ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടത്. വല്ലാതെ തളര്‍ന്നു പോയ അവര്‍ ഏതാണ്ട് പൂര്‍ണമായും ബോധം നഷ്ടപ്പെടുന്ന അവസ്ഥയിലായിരുന്നു. 

പൂജ ഉടന്‍ തന്നെ പ്രഥമ ശുശ്രൂഷ നല്‍കുകയും അവരെ തട്ടിവിളിച്ച്‌ ഉണര്‍ത്തി ആവശ്യമായ വെള്ളം നല്‍കുകയും ചെയ്തു. പിന്നീട് യാത്രക്കാരി കടുത്ത ഭയം കാരണം തണുത്തു വിറക്കാന്‍ തുടങ്ങിയപ്പോള്‍, കാബിന്‍ ക്രൂവിന്റെ സഹായത്തോടെ അവരുടെ കൈകള്‍ തിരുമ്മി ചൂടാക്കാനും മാനസികമായി ധൈര്യം പകരാനും പൂജ പ്രത്യേകം ശ്രദ്ധിച്ചു.

യാത്രക്കാരിയുടെ അവസ്ഥ കണ്ട് പരിഭ്രാന്തരായ സീനിയര്‍ കാബിന്‍ ക്രൂ വിമാനം അടിയന്തരമായി മറ്റേതെങ്കിലും വിമാനത്താവളത്തില്‍ ഇറക്കേണ്ട സാഹചര്യമുണ്ടോ എന്ന് ആശങ്കയോടെ ആരാഞ്ഞു. 

എന്നാല്‍, തന്റെ പ്രൊഫഷണല്‍ പരിചയസമ്പത്തിന്റെ കരുത്തില്‍ പൂജ ധൈര്യപൂര്‍വ്വം അതിന്റെ ആവശ്യമില്ലെന്ന് നിര്‍ദ്ദേശിച്ചു. യാത്രക്കാരിക്ക് കടുത്ത ടെന്‍ഷന്‍ കാരണം ഉണ്ടായ താല്‍ക്കാലിക ബുദ്ധിമുട്ടാണെന്നും അവര്‍ ഇപ്പോള്‍ പൂര്‍ണമായും സുരക്ഷിതയാണെന്നും പൂജ ക്യാപ്റ്റനും ക്രൂവിനും ഉറപ്പ് നല്‍കി.

വിമാനം തിരുവനന്തപുരത്ത് പിറ്റേന്ന് പുലര്‍ച്ചെ 1.30ന് ലാന്‍ഡ് ചെയ്യുന്നതിന് തൊട്ടുമുന്‍പ് പൂജ വീണ്ടും ആ യാത്രക്കാരിയുടെ അടുത്തെത്തി സുഖവിവരം അന്വേഷിച്ചിരുന്നു. 

ആ സമയത്ത് ഭയമെല്ലാം മാറി ആ മുഖത്തുണ്ടായ ആശ്വാസച്ചിരിയും തന്റെ കൈകള്‍ ചേര്‍ത്തു പിടിച്ച്‌ അവര്‍ പറഞ്ഞ നന്ദിയും ഒരു ആരോഗ്യ പ്രവര്‍ത്തക എന്ന നിലയില്‍ കരിയറിലെ ഏറ്റവും വലിയ ഭാഗ്യമായാണ് താന്‍ കരുതുന്നതെന്ന് പൂജ പറഞ്ഞു.

 അടിയന്തര സാഹചര്യത്തില്‍ തനിക്കൊപ്പം നിന്ന കാബിന്‍ ക്രൂവിനും തന്റെ സേവനത്തെ ആദരിച്ച്‌ വിമാനത്തിനുള്ളില്‍ വെച്ച്‌ തന്നെ താങ്ക്‌സ് കാര്‍ഡ് സമ്മാനിച്ച എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ക്കും പൂജ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി.

കഴിഞ്ഞ അഞ്ച് വര്‍ഷമായി സൗദിയിലും യുഎഇയിലുമായി ജോലി ചെയ്യുന്ന പൂജ വര്‍ഷത്തിലൊരിക്കല്‍ അവധിക്ക് നാട്ടിലേയ്ക്ക് യാത്ര ചെയ്യാറുണ്ടെങ്കിലും ആദ്യമായാണ് വിമാനത്തില്‍ ഇത്തരമൊരു അടിയന്തര സാഹചര്യത്തില്‍ സേവനം ചെയ്യുന്നത്.

 മൂന്ന് വര്‍ഷം സൗദിയിലെ നജ്‌റാനിലും ഒരു വര്‍ഷം ജിദ്ദയിലും ജോലി ചെയ്ത അവര്‍, കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 22നാണ് റാസല്‍ഖൈമ ആശുപത്രിയില്‍ ജോലിയില്‍ പ്രവേശിച്ചത്. 

അവിടെ ജോലിയില്‍ ചേര്‍ന്ന ശേഷമുള്ള പൂജയുടെ ആദ്യത്തെ നാട്ടിലേക്കുള്ള യാത്രയായിരുന്നു ഇത്. പരവൂര്‍ സ്വദേശികളായ രാജകുമാരന്‍-സുഷമ ദമ്പതികളുടെ മകളായ പൂജയ്ക്ക് യുവാന്‍ എന്ന് പേരുള്ള ഒരു മകനുണ്ട്. 

സ്വന്തം സുഖസൗകര്യങ്ങള്‍ മാറ്റിവെച്ച്‌ സഹയാത്രികയുടെ ജീവന്‍ രക്ഷിക്കാന്‍ മുന്നോട്ടു വന്ന ഈ മലയാളി നഴ്‌സിന് വിമാനത്താവളത്തിലും നാട്ടിലും വലിയ രീതിയിലുള്ള അഭിനന്ദനങ്ങളാണ് ഇപ്പോള്‍ ലഭിച്ചു കൊണ്ടിരിക്കുന്നത്.

വളരെ പുതിയ വളരെ പഴയ