ദുബായിലെ ജബല്‍ അലിയില്‍ വൻ അപകടം; കാറും മൂന്ന് ബസുകളും കൂട്ടിയിടിച്ച്‌ 25 പേര്‍ക്ക് പരിക്ക്, ചിലരുടെ നില ഗുരുതരം


ദുബായ്: ദുബായിലെ ജബല്‍ അലി റോഡില്‍ ഒരു കാറും മൂന്ന് ബസുകളും കൂട്ടിയിടിച്ച്‌ 25 പേർക്ക് പരിക്ക്. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്.

മറ്റുള്ളവർക്ക് സാരമായതും നിസ്സാരവുമായ പരിക്കുകളുണ്ട്. ഇവരെ ഉടൻ തന്നെ വിദഗ്ദ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയതായി ദുബായ് പൊലീസ് അറിയിച്ചു.

റോഡിന് നടുവില്‍ വെച്ച്‌ ഒരു ബസിന് പെട്ടെന്ന് സാങ്കേതിക തകരാർ സംഭവിക്കുകയും അത് വഴിയില്‍ നിന്നു പോവുകയുമായിരുന്നു. 

തൊട്ടു പിന്നാലെ വന്ന കാറിനും മറ്റ് രണ്ട് ബസുകള്‍ക്കും പെട്ടെന്ന് ബ്രേക്ക് ചെയ്ത ബസിനെ വെട്ടിച്ച്‌ മാറ്റാൻ സാധിക്കാതെ വരികയും ഇതേത്തുടർന്ന് വാഹനങ്ങള്‍ പിന്നിലിടിച്ച്‌ വൻ അപകടം സംഭവിക്കുകയുമായിരുന്നു. അപകടം നടന്ന കൃത്യമായ ദിവസവും സമയവും പൊലീസ് പുറത്തു വിട്ടിട്ടില്ല.

ദുബായ് ട്രാഫിക് പൊലീസ് ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിലെ വിദഗ്ദ്ധർ സ്ഥലത്തെത്തി വിശദമായ പരിശോധനകള്‍ നടത്തി. 

അപകടത്തെ തുടർന്ന് തടസ്സപ്പെട്ട ഗതാഗതം പുനഃസ്ഥാപിക്കാൻ തകരാറിലായ വാഹനങ്ങള്‍ റോഡില്‍ നിന്ന് മാറ്റിയതായും രക്ഷാപ്രവർത്തനം വേഗത്തിലാക്കിയതായും ട്രാഫിക് ഡിപ്പാർട്ട്മെന്റ് ആക്ടിംഗ് ഡയറക്ടർ ബ്രിഗേഡിയർ ഈസാം ഇബ്രാഹിം അല്‍ അവാർ വ്യക്തമാക്കി.

വളരെ പുതിയ വളരെ പഴയ