ചൈനയില്‍ നിന്നും 3 ബാഗുകളിൽ വ്യാജ ഉല്‍പ്പന്നങ്ങൾ: കുവൈത്തില്‍ യാത്രക്കാരനെ പിടികൂടി എയർപോർട്ട് കസ്റ്റംസ്


കുവൈത്ത് സിറ്റി: ചൈനയില്‍ നിന്നും വ്യാജ ഉല്‍പ്പന്നങ്ങളുമായി കുവൈത്തില്‍ എത്തിയ യാത്രക്കാരനെ എയർപോർട്ട് കസ്റ്റംസ് വിഭാഗം പിടികൂടി.

ടി4 ടെർമിനലിലെ ജനറല്‍ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് ഉദ്യോഗസ്ഥരാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

 വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധനകള്‍ക്കിടയില്‍ യാത്രികന്റെ ലഗേജുകളില്‍ സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് കള്ളക്കടത്ത് പുറത്തായത്.

വസ്ത്രങ്ങള്‍, വാച്ചുകള്‍, ചെരുപ്പുകള്‍, മറ്റ് ആക്സസറികള്‍ എന്നിവയുള്‍പ്പെടെയുള്ള വ്യാജ ബ്രാൻഡഡ് ഉല്‍പ്പന്നങ്ങള്‍ അടങ്ങിയ മൂന്ന് ബാഗുകളാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. ഇതിന് പുറമെ ഇയാളുടെ പക്കല്‍ നിന്നും വിവിധ രാജ്യങ്ങളുടെ കറൻസി ശേഖരവും കണ്ടെടുത്തു.

 നിലവിലുള്ള നിയമപരമായ നടപടി ക്രമങ്ങളും നിയന്ത്രണങ്ങളും അനുസരിച്ചാണ് ഈ തുക കൈകാര്യം ചെയ്തതെന്ന് അധികൃതർ വ്യക്തമാക്കി. സംഭവത്തില്‍ ജനറല്‍ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് ആവശ്യമായ നിയമ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

കൂടാതെ, വ്യാജ ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് നിലവിലുള്ള നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിധേയമായി തുടർനടപടികള്‍ പൂർത്തിയാക്കാൻ പ്രത്യേക റിപ്പോർട്ടും തയ്യാറാക്കി വരികയാണ്.

 രാജ്യത്തെ എല്ലാ പ്രവേശന കവാടങ്ങളിലും കസ്റ്റംസ് നിയന്ത്രണം കർശനമാക്കുമെന്നും നിയമ വിരുദ്ധമായ ഇത്തരം പ്രവർത്തനങ്ങളെ ശക്തമായി നേരിടുമെന്നും കസ്റ്റംസ് ഡയറക്ടറേറ്റ് ആവർത്തിച്ചു വ്യക്തമാക്കി.

 പ്രാദേശിക വിപണികളെ സംരക്ഷിക്കുന്നതിനും, യഥാർത്ഥ ബ്രാൻഡ് ഉടമകളുടെ അവകാശങ്ങള്‍ ഉറപ്പാക്കുന്നതിനും, അതുവഴി സമൂഹത്തിന്റെയും ദേശീയ സമ്പദ്‌വ്യവസ്ഥയുടെയും സുരക്ഷ വർദ്ധിപ്പിക്കുന്നതിനും ഇത്തരം കർശന നടപടികള്‍ സഹായകരമാകുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

വളരെ പുതിയ വളരെ പഴയ