അബഹ: സൗദി അറേബ്യയിലെ അബഹ ഫെസ്റ്റിവലിന്റെ ഭാഗമായി പ്രവർത്തിച്ചിരുന്ന അമ്യൂസ്മെന്റ് പാർക്കിൽ റൈഡ് തകർന്നുണ്ടായ അപകടത്തിൽ 23 പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാത്രിയാണ് സംഭവം. അപകടത്തിൽ ആരും മരണപ്പെട്ടിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.
പരിക്കേറ്റവരിൽ മൂന്ന് പേരെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. ബാക്കിയുള്ളവർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ തുടരുകയാണ്. അപകടത്തിന്റെ കാരണങ്ങളെയും സാഹചര്യങ്ങളെയും കുറിച്ച് ബന്ധപ്പെട്ട വകുപ്പുകൾ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും സമഗ്രമായി പരിശോധിക്കാൻ ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി വരികയാണെന്ന് അസീർ ഗവർണറേറ്റ് പത്രക്കുറിപ്പിൽ അറിയിച്ചു.
ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും, സോഷ്യൽ മീഡിയ വഴിയും മറ്റും സ്ഥിരീകരിക്കാത്ത വിവരങ്ങളും കിംവദന്തികളും പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും അസീർ ഗവർണറേറ്റ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
