വെനിസ്വേലയിലെ ഭൂകമ്പബാധിതർക്ക് സഹായവുമായി ഖത്തർ; എയർ ബ്രിഡ്ജ് സ്ഥാപിച്ച് ലെഖ്‌വിയ സേന

 


ദോഹ: വെനിസ്വേലയുടെ തലസ്ഥാന നഗരമായ കാരക്കാസിലുണ്ടായ ശക്തമായ ഭൂകമ്പങ്ങളെത്തുടർന്ന് ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് അടിയന്തര സഹായങ്ങൾ എത്തിക്കാൻ ഖത്തർ ആഭ്യന്തര സുരക്ഷാ സേന (ലെഖ്‌വിയ) വെനിസ്വേലയിലേക്ക് എയർ ബ്രിഡ്ജ് ആരംഭിച്ചു. ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് ഈ അടിയന്തര മാനുഷിക ദൗത്യം ആരംഭിച്ചത്.

രക്ഷാപ്രവർത്തനത്തിനായി പ്രത്യേക സംഘം പുറപ്പെട്ടു

ഫീൽഡ് ആശുപത്രികൾ, പ്രത്യേക മെഡിക്കൽ ടീമുകൾ, അത്യാവശ്യ മാനുഷിക സഹായ സാമഗ്രികൾ എന്നിവയ്ക്ക് പുറമേ, ഖത്തർ ഇന്റർനാഷണൽ സെർച്ച് ആൻഡ് റെസ്‌ക്യൂ ഗ്രൂപ്പിൽ നിന്നുള്ള വിദഗ്ധ സംഘവും ആദ്യ വിമാനത്തിൽ വെനിസ്വേലയിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്. ഖത്തർ ആഭ്യന്തര മന്ത്രിയും ആഭ്യന്തര സുരക്ഷാ സേനയുടെ കമാൻഡറുമായ ശൈഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ അൽ-താനി സോഷ്യൽ മീഡിയ വഴിയാണ് ഈ വിവരം ജനങ്ങളെ അറിയിച്ചത്.

അന്താരാഷ്ട്ര ദൗത്യങ്ങൾക്ക് ഖത്തറിന്റെ പിന്തുണ

ഭൂകമ്പബാധിത പ്രദേശങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കുന്നതിനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ പിന്തുണയ്ക്കുക, ദുരന്തബാധിതർക്ക് അടിയന്തര വൈദ്യസഹായവും മാനുഷിക പിന്തുണയും ഉറപ്പാക്കുക എന്നിവയാണ് ഖത്തറിന്റെ ഈ ദൗത്യം കൊണ്ട് ലക്ഷ്യമാക്കുന്നത്. ദുരന്തമുഖങ്ങളിൽ സഹായഹസ്തവുമായി മുന്നിലെത്തുന്ന ഖത്തറിന്റെ ലെഖ്‌വിയ സേനയുടെ നേതൃത്വത്തിൽ വരും ദിവസങ്ങളിലും കൂടുതൽ സഹായങ്ങൾ വെനിസ്വേലയിലേക്ക് എത്തിക്കും.

 

വളരെ പുതിയ വളരെ പഴയ