കുവൈത്ത് സിറ്റി: കുവൈത്തിലെ അല്‍-നുസ്ഹയില്‍ സ്വദേശി യുവാക്കള്‍ തെരുവില്‍ ഏറ്റുമുട്ടി. ഒരു യുവതി സഞ്ചരിച്ചിരുന്ന വാഹനത്തെ ഒരു സംഘം കാറില്‍ പിന്തുടർന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് ഒടുവില്‍ വൻ സംഘർഷത്തിലും കൂട്ടത്തല്ലിലും കലാശിച്ചത്.
പരസ്പരമുള്ള ആക്രമണത്തില്‍ നിരവധി യുവാക്കള്‍ക്ക് ശരീരത്തില്‍ ആഴത്തിലുള്ള മുറിവുകളടക്കം ഗുരുതരമായി പരിക്കേറ്റു.
യുവതിയുടെ കാറിനെ പിന്തുടർന്ന് അമിതവേഗതയില്‍ പാഞ്ഞ ഒരു വാഹനത്തിന്‍റെ ഡ്രൈവർ പെട്ടെന്ന് ബ്രേക്ക് ഇട്ടതാണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണമായത്. ഇതോടെ തൊട്ടുപിന്നാലെ വന്ന മറ്റൊരു വാഹനം ഈ കാറിലിടിച്ച് അപകടമുണ്ടാവുകയായിരുന്നു.
അപകടത്തിന് പിന്നാലെ ഇരു വാഹനങ്ങളിലെയും യാത്രക്കാർ തമ്മില്‍ റോഡില്‍ വെച്ച് രൂക്ഷമായ തർക്കം ആരംഭിച്ചു. മിനിറ്റുകള്‍ക്കകം ഇരുകൂട്ടരും തങ്ങളുടെ സുഹൃത്തുക്കളെ ഫോണ്‍ വിളിച്ച് വരുത്തിയതോടെ രംഗം പൂർണ്ണമായും കൈവിട്ടു പോവുകയും ഇരുവിഭാഗവും ചേർന്നുള്ള അക്രമാസക്തമായ കൂട്ടത്തല്ലായി മാറുകയും ചെയ്തു.
റോഡില്‍ യുവാക്കള്‍ ചേരിതിരിഞ്ഞ് ആക്രമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട വഴിയാത്രക്കാരാണ് ഉടൻ തന്നെ സുരക്ഷാ അധികൃതരെ വിവരമറിയിച്ചത്. തുടർന്ന് പൊലീസിന്‍റെ പട്രോളിംഗ് സംഘം സ്ഥലത്തെത്തിയാണ് അക്രമികളെ പിടിച്ചുമാറ്റി രംഗം ശാന്തമാക്കിയത്.
സംഘർഷത്തില്‍ ആഴത്തില്‍ പരിക്കേറ്റ നിരവധി പേരെ ആംബുലൻസുകളില്‍ ഉടനടി അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ ഉള്‍പ്പെട്ട മുഴുവൻ യുവാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പൊതുനിരത്തില്‍ ക്രമസമാധാനം തകർത്ത നിയമ ലംഘകർക്കെതിരെ കർശനമായ നിയമ നടപടികള്‍ സ്വീകരിക്കുന്നതിനായി സുരക്ഷാ അധികൃതർ വിശദമായ അന്വേഷണം ആരംഭിച്ചു.
