കുവൈത്ത് സിറ്റി: ലഹരി മരുന്നുകള്‍ കൈവശം വച്ചതിനും അവ അനാശാസ്യ പ്രവർത്തനങ്ങള്‍ക്ക് പകരമായി കൈമാറാൻ ശ്രമിച്ചതിനും കുവൈത്തി ദന്തഡോക്ടറെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു.
ക്രിമിനല്‍ സെക്യൂരിറ്റി വിഭാഗത്തിന്‍റെ നേതൃത്വത്തില്‍, മനുഷ്യക്കടത്തും സാമൂഹിക ദുഷ്പ്രവണതകളും തടയുന്നതിനുള്ള വിഭാഗം നടത്തിയ രഹസ്യാന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
സാമൂഹിക മാധ്യമങ്ങളിലൂടെ ലഹരി മരുന്നുകള്‍ വാഗ്ദാനം ചെയ്ത് അതിന് പകരമായി അനാശാസ്യ പ്രവർത്തനങ്ങളില്‍ ഏർപ്പെടാൻ ശ്രമിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയതായി മന്ത്രാലയം അറിയിച്ചു.
തുടർന്ന് ഇയാളെ പിടികൂടുന്നതിനായി കെണിയൊരുക്കുകയായിരുന്നു. വാടകയ്ക്ക് എടുത്തിരുന്ന മുറിയില്‍ നിന്നാണ് പ്രതിയെ കയ്യോടെ പിടികൂടിയത്.
സ്ഥലത്ത് നിന്ന് രണ്ട് പായ്ക്കറ്റ് ഹാഷിഷ്, മൂന്ന് പായ്ക്കറ്റ് ക്രിസ്റ്റല്‍ മെത്ത് (ഷാബു), 10 ലിറിക്ക ക്യാപ്സ്യൂളുകള്‍, മയക്കു മരുന്ന് പൊടി, ലഹരി മരുന്ന് ഉപയോഗിക്കുന്നതിനുള്ള ഉപകരണങ്ങള്‍ എന്നിവ പിടിച്ചെടുത്തു.
പബ്ലിക് പ്രോസിക്യൂഷന്‍റെ വാറന്‍റിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ പ്രതിയുടെ അലമാരയില്‍ ഒളിപ്പിച്ച നിലയില്‍ കൂടുതല്‍ ലഹരി മരുന്നുകളും കണ്ടെത്തി.
ക്രിസ്റ്റല്‍ മെത്ത്, 46 ക്യാപ്റ്റഗണ്‍ ഗുളികകള്‍, വിവിധ വലിപ്പത്തിലുള്ള മൂന്ന് ഹാഷിഷ് കഷണങ്ങള്‍, ഗുളികകള്‍ എന്നിവയും പിടിച്ചെടുത്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പ്രതിയെയും പിടിച്ചെടുത്ത വസ്തുക്കളും തുടർ നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറിയതായി മന്ത്രാലയം വ്യക്തമാക്കി.
