മതംമാറാൻ സമ്മതിച്ചില്ല, കാല്‍ മുതല്‍ തല വരെ ചതച്ചരച്ചു; സാവരിയ നേരിട്ടത് ക്രൂരപീഡനം, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി കുടുംബം


ഉസ്ബെക്കിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയില്‍ മലയാളി വിദ്യാർഥിനി സാവരിയ ബസന്ത് കൊല്ലപ്പെട്ട സംഭവത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി കുടുംബം.

പെട്ടെന്നുണ്ടായ പ്രകോപനത്തില്‍ ലാപ്ടോപ്പ് കൊണ്ട് അടിച്ചുകൊന്നുവെന്ന പ്രചാരണം തെറ്റാണ്. മതംമാറാൻ വിസമ്മതിച്ചതിനെ തുടർന്ന് സാവരിയ ക്രൂരമായ പീഡനത്തിന് ഇരയായെന്നും ബന്ധു ജനീഷ് ആരോപിച്ചു.

സാവരിയായുടെ കാല് മുതല്‍ തല വരെ മർദനമേറ്റ പാടുകളുണ്ട്. ഒരു നിമിഷത്തെ പ്രകോപനത്തില്‍ ലാപ്ടോപ് കൊണ്ട് അടിച്ചുകൊന്ന ലക്ഷണങ്ങളല്ല ശരീരത്തിലുള്ളതെന്നും അന്വേഷണ ഉദ്യോഗസ്ഥ വ്യക്തമാക്കിയതായി ജനീഷ് പറഞ്ഞു. ഒന്നാം വർഷ മെഡിക്കല്‍ വിദ്യാർഥിയായ സാവരിയയോട് പ്രതിയായ സദറുല്‍ അനം പലതവണ മതംമാറാൻ ആവശ്യപ്പെട്ടിരുന്നു.

ഒപ്പമുണ്ടായിരുന്ന സഹപാഠികള്‍ ഇതിന് സാക്ഷികളാണ്. മതം മാറാൻ സാവരിയ തയാറായില്ല. ഇതിന്റെ പ്രതികാരമായാണ് കൊലപാതകമെന്നാണ് കുടുംബത്തിന്റെ സംശയം.

 കഴിഞ്ഞ വെള്ളിയാഴ്ച ഹോസ്റ്റല്‍ മുറിയില്‍ സംസാരിച്ചു നില്‍ക്കുമ്പോള്‍ സദറുല്‍ അനം പെട്ടെന്നു പ്രകോപിതനായി ലാപ്ടോപ് കൊണ്ടു സാവരിയയുടെ തലയ്ക്കടിച്ചെന്നായിരുന്നു ആദ്യം പുറത്തു വന്ന വിവരം.

രക്തത്തില്‍ കുളിച്ചു വീണ സാവരിയയെ ഇയാള്‍ തന്നെയാണ് ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ പോസ്റ്റ്മോർട്ടം റിപ്പോർട്ടും ശരീരത്തിലെ മുറിവുകളും വൻ ക്രൂരതയാണ് വിരല്‍ ചൂണ്ടുന്നതെന്നും അവസാനനിമിഷം മുറിക്കുള്ളില്‍ എന്താണ് സംഭവിച്ചതെന്ന് കൃത്യമായി അന്വേഷിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.

വളരെ പുതിയ വളരെ പഴയ