റിയാദ്: സൗദി അറേബ്യയിലെ തെക്കൻ പ്രവിശ്യയായ അസീർ മേഖലയിലുള്ള അല്‍ജഅ്ദ ചുരത്തിലുണ്ടായ ദാരുണമായ വാഹനാപകടത്തില്‍ ഒരേ കുടുംബത്തിലെ ആറ് പേർ മരിച്ചു.
അപകടത്തില്‍ നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവർ നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. അസീറിലെ ബല്‍ഹമറിനെയും തിഹാമയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന മലയോര പാതയിലാണ് സൗദി സ്വദേശി കുടുംബം സഞ്ചരിച്ചിരുന്ന കാർ അപകടത്തില്‍പ്പെട്ടത്.
യാത്രയ്ക്കിടയില്‍ പെട്ടെന്ന് നിയന്ത്രണം വിട്ട കാർ കുത്തനെയുള്ള മലയിടുക്കിലേക്ക് മറിയുകയായിരുന്നു. ആറു പേരും അപകട സ്ഥലത്തു വച്ചു തന്നെ മരണപ്പെട്ടു. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി അടിയന്തര ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്.
സൗദിയുടെ തെക്കു പടിഞ്ഞാറൻ മേഖലയിലെ ഏറ്റവും ദുർഘടം പിടിച്ച മലയോര പാതകളില്‍ ഒന്നാണ് അല്‍ജഅ്ദ ചുരം. സമുദ്രനിരപ്പില്‍ നിന്ന് 2,500 മീറ്ററിലധികം ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ പാത കഠിനമായ തിരിവുകളും കുത്തനെയുള്ള ഇറക്കങ്ങളും നിറഞ്ഞതാണ്. കൂടാതെ വർഷത്തില്‍ ഭൂരിഭാഗം സമയവും ഇവിടെ കനത്ത മഞ്ഞു വീഴ്ചയും അനുഭവപ്പെടാറുണ്ട്.
ഈ പാതയില്‍ വലിയ രീതിയിലുള്ള നവീകരണ പ്രവർത്തനങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും, ഈ പ്രദേശത്തിന്റെ സങ്കീർണമായ ഭൂപ്രകൃതി കാരണം അതീവ ജാഗ്രതയോടെ മാത്രമേ വാഹനങ്ങള്‍ ഓടിക്കാൻ സാധിക്കുകയുള്ളൂ എന്ന് അധികൃതർ വ്യക്തമാക്കുന്നു.
പ്രത്യേകിച്ച് മഞ്ഞു മൂടിയ അന്തരീക്ഷത്തില്‍ കാഴ്ച പരിധി കുറയുമ്പോഴും കാലാവസ്ഥ മാറുമ്പോഴും ഇവിടെ അപകട സാധ്യത വർദ്ധിക്കുന്നു. അതിനാല്‍ ഡ്രൈവർമാർ സുരക്ഷാ നിർദ്ദേശങ്ങള്‍ കർശനമായി പാലിക്കണമെന്നും അതീവ ശ്രദ്ധ പുലർത്തണമെന്നും ട്രാഫിക് അധികൃതർ മുന്നറിയിപ്പ് നല്‍കി.
