കുവൈത്ത് സിറ്റി: കാണാതായ ഇന്ത്യൻ പ്രവാസിയുടെ മൃതദേഹം കുവൈത്തിലെ അല്‍-സല്‍മി മരുഭൂമിയില്‍ നിന്ന് കണ്ടെത്തി.
ഇതോടെ നാല് മാസത്തിലേറെ നീണ്ട ദുരൂഹതയ്ക്ക് വിരാമമായിരിക്കുകയാണ്. ജോലി സ്ഥലത്തെ അപകടമരണം മറച്ചുവെക്കാൻ മൃതദേഹം രഹസ്യമായി സംസ്കരിച്ചെന്നാണ് അന്വേഷണത്തില്‍ പുറത്തു വന്നത്.
കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ ക്രിമിനല്‍ സെക്യൂരിറ്റി വിഭാഗത്തിന് കീഴിലുള്ള ജനറല്‍ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനല്‍ ഇൻവെസ്റ്റിഗേഷൻ നടത്തിയ വിശദമായ അന്വേഷണത്തിലാണ് സംഭവം പുറത്തറിഞ്ഞത്.
മാർച്ച് 19-ന് ഹെവി ഉപകരണങ്ങളുടെ അറ്റകുറ്റപ്പണിക്കായി ഉപകരണ ഉടമയ്‌ക്കൊപ്പം അല്‍-സല്‍മി മരുഭൂമിയിലേക്ക് പോയ ഇന്ത്യൻ തൊഴിലാളി പിന്നീട് തിരിച്ചെത്താതിരുന്നതിനെ തുടർന്ന് കാണാതായതായി പരാതി നല്‍കിയിരുന്നു.
അന്വേഷണത്തിന്റെ ഭാഗമായി ട്രാഫിക് നിരീക്ഷണ ക്യാമറകള്‍ പരിശോധിച്ചപ്പോള്‍, തൊഴിലാളി പ്രതിക്കൊപ്പം മരുഭൂമിയിലേക്ക് പോകുന്നതും പിന്നീട് വാഹനം മടങ്ങിയെത്തുമ്പോള്‍ തൊഴിലാളി അതിലില്ലാതിരുന്നതും കണ്ടെത്തി. ഇതോടെയാണ് അന്വേഷണം നിർണായക വഴിത്തിരിവിലെത്തിയത്.
തുടർന്ന് പ്രതിയുടെ മകനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍, ക്രെയിൻ തകർന്നുണ്ടായ അപകടത്തില്‍ ഇന്ത്യൻ തൊഴിലാളി മരിച്ചതായി ഇയാള്‍ സമ്മതിച്ചതായി അധികൃതർ അറിയിച്ചു.
അപകടം പൊലീസിനെ അറിയിക്കുന്നതിന് പകരം, നിയമനടപടി ഭയന്ന് പിതാവിനൊപ്പം മൃതദേഹം അല്‍-സല്‍മി മരുഭൂമിയിലെ ഒറ്റപ്പെട്ട സ്ഥലത്ത് കൊണ്ടുപോയി രഹസ്യമായി മറവ് ചെയ്യുകയും സംഭവത്തിന്റെ തെളിവുകള്‍ നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തതായി പ്രതി മൊഴി നല്‍കിയിട്ടുണ്ട്.
പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സുരക്ഷാസേന മൃതദേഹം മറവ് ചെയ്ത സ്ഥലം കണ്ടെത്തി. ക്രിമിനല്‍ എവിഡൻസ് വിഭാഗം, ഫോറൻസിക് വിദഗ്ധർ, ജനറല്‍ ഫയർ ഫോഴ്‌സ് എന്നിവരുടെ സാന്നിധ്യത്തില്‍ മൃതദേഹം പുറത്തെടുത്ത് കൂടുതല്‍ പരിശോധനകള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന്റെ നിർദേശപ്രകാരം കൈമാറി.
ഒരു പ്രതിയെ അറസ്റ്റ് ചെയ്ത് നിയമ നടപടികള്‍ക്ക് വിധേയനാക്കിയിട്ടുണ്ടെന്നും, കുവൈത്തില്‍ നിന്ന് രക്ഷപ്പെട്ടതായി കരുതുന്ന രണ്ടാമത്തെ പ്രതിയെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഒളിഞ്ഞു കിടന്ന കുറ്റകൃത്യം കണ്ടെത്തി പ്രതികളെ നിയമത്തിന് മുന്നിലെത്തിക്കുന്നതില്‍ അന്വേഷണ സംഘത്തിന്റെ കാര്യക്ഷമത തെളിയിക്കുന്ന കേസാണിതെന്നും, രാജ്യത്തിന്റെ സുരക്ഷയും നിയമ വാഴ്ചയും ഉറപ്പാക്കാനുള്ള നടപടികള്‍ തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.
