സഹപാഠി ലാപ്ടോപ്പ് കൊണ്ട് തലയ്‌ക്കടിച്ചു: ഉസ്ബക്കിസ്ഥാനില്‍ മലയാളിയായ എംബിബിഎസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം


ഉസ്ബക്കിസ്ഥാനില്‍ മലയാളി മെഡിക്കല്‍ വിദ്യാർത്ഥിനിയെ സഹപാഠി ലാപ്ടോപ്പ് കൊണ്ട് തലയ്‌ക്കടിച്ചുകൊന്നു.

ഹരിപ്പാട് പിലാപ്പുഴ പുതുക്കാട്ട് സുപ്രഭാ ഭവനത്തില്‍ ബസന്ത് - മിനി ദമ്പതികളുടെ മകള്‍ സാവരിയ ബസന്താണ് (22) മരിച്ചത്.

 പ്രതിയായ മലപ്പുറം പെരിന്തല്‍മണ്ണ കാട്ടുപ്പാറ എരുവത്ത് കിഴക്കേ തൊടിയില്‍ സദറുല്‍ ആനം (23) ഉസ്ബക്കിസ്ഥാനില്‍ പൊലീസ് അറസ്റ്റു ചെയ്തു. ഇരുവരും ഉസ്‌ബെക്കിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികളാണ്.

കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. വാക്കു തർക്കത്തിനിടെ പ്രകോപിതനായ സദറല്‍ കൈയിലിരുന്ന ലാപ് ടോപ്പ് കൊണ്ട് സവരിയയുടെ തലയ്ക്കടിക്കുകയായിരുന്നു.

 ബോധ രഹിതയായി നിലത്തു വീണ സാവരിയയെ പ്രതി തന്നെയാണ് ആശുപത്രിയിലെത്തിച്ചത്. സാവരിയയെ ഫോണില്‍ ലഭിക്കാത്തതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് കൊലപാതക വിവരമറിഞ്ഞത്.

 കുവൈറ്റിലായിരുന്ന സാവരിയുടെ പിതാവ് ബസന്ത് നാട്ടിലെത്തി. അമ്മ മിനിയുടെ സഹോദരീ ഭർത്താവാണ് മൃതദേഹം ഏറ്റുവാങ്ങുവാൻ ഉസ്ബക്കിസ്ഥാനില്‍ പോയത്. ഇദ്ദേഹത്തിന് ദുബായിലാണ് ജോലി. 

കേന്ദ്ര ആഭ്യന്തര മന്ത്രാലത്തിന്റെയും ഇന്ത്യൻ എംബസിയുടെയും സാമൂഹ്യ പ്രവർത്തകരുടെയും നേതൃത്വത്തില്‍ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കി. സാവരിയയുടെ മരണ വിവരം അമ്മ മിനിയെയും മുത്തശ്ശി സുപ്രഭയെയും അറിയിച്ചിട്ടില്ല. അപകടത്തെ തുടർന്ന് മകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നാണ് പറഞ്ഞിരിക്കുന്നത്.

 കഴിഞ്ഞ ഡിസംബറിലാണ് എം.ബി.ബി.എസിന് അഡ്മിഷൻ നേടിയ സാവരിയ ഉസ്ബെക്കിസ്ഥാനിലേക്ക് പോയത്. തദ്ദേശ തിരഞ്ഞെടുപ്പിന്റെ പ്രചാരണ വേളയില്‍ നാട്ടിലുണ്ടായിരുന്നു. വോട്ടെടുപ്പിന് മുമ്പ് വിദേശത്തേക്ക് പോയിരുന്നു. സഹോദരൻ സാവന്ത് എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്.

വളരെ പുതിയ വളരെ പഴയ