ഇസ്രായേൽ കമ്പനിയുമായുള്ള ഫോക്സ്‌വാഗൻ കരാർ ഖത്തർ തടഞ്ഞു

 


ദോഹ :ജർമ്മനിയിലെ ഫാക്ടറിയിൽ അയൺ ഡോം ഘടകങ്ങൾ നിർമ്മിക്കുന്നതിനായി ഫോക്സ്‌വാഗനും ഇസ്രായേലി പ്രതിരോധ കമ്പനിയായ റാഫേലും തമ്മിലുണ്ടാക്കിയ കരാർ ഖത്തർ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി തടഞ്ഞതായി റിപ്പോർട്ട്. ഫോക്സ്‌വാഗന്റെ പ്രധാന ഓഹരി ഉടമയെന്ന നിലയിലുള്ള വീറ്റോ അധികാരം ഉപയോഗിച്ചാണ് ഖത്തർ ഈ നീക്കം നടത്തിയത് എന്ന് ജർമ്മൻ പത്രമായ ബിൽഡ് റിപ്പോർട്ട് ചെയ്തു.

ഫോക്‌സ്‌വാഗൺ ഗ്രൂപ്പിൽ ഏകദേശം 17 ശതമാനത്തോളം വോട്ടിംഗ് അവകാശമുള്ള ഒഹരികളാണ് ഖത്തർ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റിക്ക് ഉള്ളത്. കമ്പനിയുടെ ബോർഡിലുള്ള ഈ വലിയ സ്വാധീനം ഉപയോഗിച്ചാണ് തങ്ങളുടെ രാഷ്ട്രീയവും നയതന്ത്രപരവുമായ നിലപാടുകൾക്ക് വിരുദ്ധമായ കോർപ്പറേറ്റ് തീരുമാനത്തെ ഖത്തർ എതിർത്തത്.

ഫോക്‌സ്‌വാഗണിന്റെ സോഫ്റ്റ്‌വെയർ വിഭാഗമായ കാരിയാഡ് വഴി ഇസ്രായേലിന്റെ സൈനിക പ്രതിരോധ കമ്പനിയായ റാഫേലുമായി ചേർന്ന് സൈബർ സുരക്ഷാ സാങ്കേതികവിദ്യകളും വണ്ടികളിലെ അത്യാധുനിക കമ്പ്യൂട്ടർ സംവിധാനങ്ങളും വികസിപ്പിക്കാനായിരുന്നു കമ്പനി ലക്ഷ്യമിട്ടിരുന്നത്. സൈനിക ആവശ്യങ്ങൾക്കായി റാഫേൽ വികസിപ്പിക്കുന്ന മികച്ച സുരക്ഷാ സോഫ്റ്റ്‌വെയറുകൾ തങ്ങളുടെ ആധുനിക കാറുകളിൽ ഉപയോഗിക്കുക എന്നതായിരുന്നു ഫോക്‌സ്‌വാഗണിന്റെ താല്പര്യം.

എന്നാൽ ഇസ്രായേലുമായി ഔദ്യോഗിക നയതന്ത്ര ബന്ധങ്ങളില്ലാത്ത ഖത്തർ ഈ നീക്കത്തെ ശക്തമായി എതിർക്കുകയായിരുന്നു. ലബനനിലും ഗാസയിലും ഇസ്രായേൽ നടത്തുന്ന സൈനിക നീക്കങ്ങളിലും വംശഹത്യ ആരോപണങ്ങളിലും ഖത്തർ നേരത്തെ തന്നെ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. അയൺ ഡോം പോലുള്ള സംവിധാനങ്ങൾ നിർമ്മിക്കുന്ന റാഫേൽ എന്ന സൈനിക കമ്പനിയുമായി തങ്ങൾക്ക് പങ്കാളിത്തമുള്ള ഒരു ആഗോള ബ്രാൻഡ് കൈകോർക്കുന്നത് തങ്ങളുടെ വിദേശനയത്തിന് വിരുദ്ധമാവുമെന്ന് ഖത്തർ വിലയിരുത്തി. ഖത്തറിന്റെ കടുത്ത സമ്മർദ്ദത്തെ തുടർന്ന് വിവാദങ്ങൾ ഒഴിവാക്കാനായി ഫോക്‌സ്‌വാഗൺ ഈ സംയുക്ത പദ്ധതിയിൽ നിന്ന് പിന്മാറാൻ നിർബന്ധിതരാവുകയായിരുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.



വളരെ പുതിയ വളരെ പഴയ