മസ്കത്ത്: ഒമാൻ തീരത്തിന് സമീപം'ജിഎഫ്‌എസ് ഗാലക്സി' എന്ന വാണിജ്യ ചരക്കു കപ്പലിന് നേരെ ആക്രമണം. സംഭവത്തില്‍ ഒരു ഇന്ത്യൻ ജീവനക്കാരനെ കാണാതായതായി മസ്കത്തിലെ ഇന്ത്യൻ എംബസി അറിയിച്ചു.
ഇയാള്‍ക്കായുള്ള തിരച്ചില്‍ ഊർജിതമായി തുടരുകയാണെന്നും പത്ത് ഇന്ത്യൻ ജീവനക്കാരെ ഒമാൻ അധികൃതർ വിജയകരമായി രക്ഷപ്പെടുത്തിയതായും എംബസി വ്യക്തമാക്കി. സംഭവത്തെ രാജ്യാന്തര തലത്തില്‍ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും എംബസി പറഞ്ഞു.
കാണാതായ ജീവനക്കാരനായുള്ള തിരച്ചില്‍-രക്ഷാപ്രവർത്തനങ്ങള്‍ക്കായി ഒമാൻ അധികൃതർ, കപ്പല്‍ മാനേജ്‌മെന്റ്, മറ്റ് നയതന്ത്ര ഏജൻസികള്‍ എന്നിവരുമായി ചേർന്ന് നിരന്തരമായ ഏകോപനം നടത്തിവരികയാണെന്ന് എംബസി അധികൃതർ അറിയിച്ചു.
ഇന്ത്യൻ ജീവനക്കാരെ സുരക്ഷിതമായി രക്ഷപ്പെടുത്താൻ ഉടനടി ഇടപെട്ട ഒമാൻ ഭരണകൂടത്തിന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം (MEA) ഔദ്യോഗികമായി നന്ദി രേഖപ്പെടുത്തി. അതേസമയം, അന്താരാഷ്ട്ര ചരക്കുകപ്പലുകള്‍ക്ക് നേരെ തുടർച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങളില്‍ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം കടുത്ത ആശങ്ക രേഖപ്പെടുത്തി.
മേഖലയില്‍ നിലനില്‍ക്കുന്ന യുദ്ധപ്രതീതി ഉടനടി ലഘൂകരിക്കണമെന്നും നയതന്ത്രപരമായ പരിഹാരത്തിനായി നിലവിലുള്ള ചർച്ചകള്‍ വേഗത്തില്‍ പൂർത്തിയാക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
രാജ്യാന്തര നിയമങ്ങള്‍ കാറ്റില്‍പ്പറത്തിക്കൊണ്ട് വാണിജ്യ കപ്പലുകളെയും സാധാരണക്കാരായ ജീവനക്കാരെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ അവസാനിപ്പിക്കണം.
അന്താരാഷ്ട്ര ജലപാതകളിലൂടെയുള്ള സ്വതന്ത്രവും തടസമില്ലാത്തതുമായ കപ്പല്‍ ഗതാഗതവും വ്യാപാരവും പുനസ്ഥാപിക്കേണ്ടത് അനിവാര്യമാണെന്നും ഇന്ത്യ പ്രസ്താവനയിലൂടെ ആവർത്തിച്ചു വ്യക്തമാക്കി.
ഒമാന്റെ വടക്കൻ ഗവർണറേറ്റായ മുസന്ദമിലെ ചില കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടും ഇന്ന് പുലർച്ചെ ഡ്രോണ്‍ ആക്രമണം ഉണ്ടായതായി അധികൃതർ സ്ഥിരീകരിച്ചു.
മുസന്ദമിലെ ചില പ്രത്യേക സ്ഥലങ്ങളില്‍ ഡ്രോണുകള്‍ പതിച്ചതായി സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് ഒമാൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
എന്നാല്‍ ആക്രമണത്തില്‍ എന്തെങ്കിലും തരത്തിലുള്ള നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായിട്ടുണ്ടോ എന്നതിനെക്കുറിച്ചോ, ആക്രമണത്തിന് പിന്നില്‍ ആരാണെന്നതിനെക്കുറിച്ചോ ഉള്ള കൃത്യമായ വിവരങ്ങള്‍ ഒമാൻ ഭരണകൂടം ഇതുവരെ പുറത്തു വിട്ടിട്ടില്ല.
രാജ്യത്തിന് നേരെ ഉണ്ടായ വ്യോമാക്രമണത്തെ ഒമാൻ ശക്തമായ ഭാഷയില്‍ അപലപിച്ചു. മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും കനത്ത ഭീഷണിയുയർത്തുന്ന ഇത്തരം പ്രകോപനങ്ങള്‍ അംഗീകരിക്കാൻ കഴിയില്ലെന്ന് ഒമാൻ വ്യക്തമാക്കി.
നിലവിലെ അടിയന്തര സാഹചര്യങ്ങള്‍ നേരിടാനും രാജ്യത്തിന്റെ പരമാധികാരവും അതിർത്തികളും കാത്തു സൂക്ഷിക്കാനും ഒപ്പം സ്വദേശികളുടെയും ലക്ഷക്കണക്കിന് വരുന്ന പ്രവാസികളുടെയും സുരക്ഷ ഉറപ്പാക്കാനും ആവശ്യമായ എല്ലാ കടുത്ത നടപടികളും സ്വീകരിക്കുമെന്നും ഒമാൻ ഭരണകൂടം പ്രസ്താവനയിലൂടെ കൂട്ടിച്ചേർത്തു.
ഹോർമുസ് കടലിടുക്കിനോട് ചേർന്നു കിടക്കുന്ന തന്ത്രപ്രധാനമായ പ്രദേശമാണ് മുസന്ദം എന്നതിനാല്‍ ഒമാൻ പ്രതിരോധ സേന ഇവിടെ അതീവ ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്.
