റിയാദിൽ സ്കൂട്ടറില്‍ കാറിടിച്ച്‌ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരണപ്പെട്ടു


റിയാദ്: സൗദി തലസ്ഥാനമായ റിയാദില്‍ സ്‌കൂട്ടറില്‍ കാറിടിച്ച്‌ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി ഡെലിവറി ജീവനക്കാരൻ മരിച്ചു.

എറണാകുളം മട്ടാഞ്ചേരി സ്വദേശി കൊപ്പരമ്പില്‍ തോമസിെൻറയും നെസിയുടെയും മകൻ വില്യംസ് (31) ആണ് മരിച്ചത്. കഴിഞ്ഞ ജൂണ്‍ 29-ന് റിയാദിലെ സുലൈയില്‍ വെച്ചായിരുന്നു അപകടം സംഭവിച്ചത്. 

ഡ്യൂട്ടിക്കിടെ വില്യംസ് സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ കാറിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ശുമൈസിയിലെ കിങ് സഊദ് മെഡിക്കല്‍ സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജൂലൈ നാലിന് മരണത്തിന് കീഴടങ്ങുകയായിരുന്നു. 

ഒരു വർഷം മുമ്പ് തൊഴില്‍ വിസയില്‍ റിയാദിലെത്തിയ വില്യംസ്, പ്രമുഖ ഓണ്‍ലൈൻ ഷോപ്പിങ് കമ്പനിയില്‍ ഡെലിവറി ജീവനക്കാരനായി ജോലി ചെയ്തു വരികയായിരുന്നു. ജിഷ്മയാണ് ഭാര്യ. ഏഴും രണ്ടും വയസ്സുള്ള രണ്ട് മക്കളുണ്ട്. ജോസഫ് സഹോദരനാണ്.

അപകടസമയത്ത് ഇദ്ദേഹത്തെക്കുറിച്ചുള്ള വിവരങ്ങള്‍ അജ്ഞാതമായിരുന്നു. തുടർന്ന്, ആശുപത്രിയിലെ മലയാളി നഴ്‌സായ ബിനീഷിെൻറ സഹായത്തോടെ റിയാദ് ഒ.ഐ.സി.സി ഭാരവാഹി മാത്യൂ ജോസഫ് നടത്തിയ അന്വേഷണത്തിലാണ് വില്യംസിനെക്കുറിച്ചുള്ള വിവരങ്ങള്‍ കണ്ടെത്തിയത്. 

ഷാജഹാൻ താജ് കോള്‍ഡ് സ്റ്റോറേജും മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂർത്തിയാക്കാൻ സജീവമായി രംഗത്തുണ്ടായിരുന്നു. സുലൈമാനിയ ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമ നടപടികള്‍ പൂർത്തിയാക്കി ബുധനാഴ്ച രാവിലെ 8.20-ന് റിയാദില്‍ നിന്നുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ നാട്ടിലേക്ക് കൊണ്ടുപോകും.

 അന്നേ ദിവസം രാത്രി 10.20-ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിക്കുന്ന മൃതദേഹം വ്യാഴാഴ്ച മട്ടാഞ്ചേരിയിലെ സെമിത്തേരിയില്‍ സംസ്‌കരിക്കും.

വളരെ പുതിയ വളരെ പഴയ