കുവൈത്തില്‍ അല്‍-മുത്‌ല റെസിഡൻഷ്യല്‍ സിറ്റി പ്രോജക്ടില്‍ ജോലിക്കിടയിൽ പ്രവാസി തൊഴിലാളി വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവം: 50,000 ദിനാര്‍ നഷ്ടപരിഹാരം നല്‍കാൻ ഉത്തരവ്


കുവൈറ്റ് സിറ്റി: കുവൈറ്റിലെ അല്‍-മുത്‌ല റെസിഡൻഷ്യല്‍ സിറ്റി പ്രോജക്ടില്‍ ജോലിക്കിടെ വൈദ്യുതാഘാതമേറ്റ് ഈജിപ്ഷ്യൻ തൊഴിലാളി മരിച്ച സംഭവത്തില്‍, മരിച്ചയാളുടെ ആശ്രിതർക്ക് ബ്ലഡ് മണിയും (ദിയ) 50,000 കുവൈറ്റ് ദിനാർ നഷ്ടപരിഹാരവും നല്‍കാൻ ഉത്തരവ്.

നിർമ്മാണ കമ്പനിക്കും ഇൻഷുറൻസ് കമ്പനിക്കും കുവൈറ്റ് അപ്പീല്‍ കോടതി നിർദേശം നല്‍കി. കീഴ്‌ക്കോടതി വിധിക്കെതിരെ സമർപ്പിച്ച അപ്പീല്‍ തള്ളിക്കൊണ്ടാണ് അപ്പീല്‍ കോടതി മുൻ വിധി ശരിവെച്ചത്.

അപകടത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം നിർമ്മാണ കമ്പനിക്കാണെന്ന് വ്യക്തമാക്കുന്ന വിധി വന്നതിന് പിന്നാലെയാണ് ആശ്രിതർക്കായി സിവില്‍ കേസ് ഫയല്‍ ചെയ്തതെന്ന് മരിച്ച തൊഴിലാളിയുടെ കുടുംബത്തിന്റെ അഭിഭാഷകൻ ജാസിം അല്‍-തുവൈതാൻ അറിയിച്ചു. 

തൊഴിലാളിക്ക് ആവശ്യമായ തൊഴില്‍ സുരക്ഷാ സാമഗ്രികളും മുൻകരുതലുകളും നല്‍കുന്നതില്‍ പരാജയപ്പെട്ടതിനെ തുടർന്ന് കമ്പനിക്കെതിരെ നരഹത്യ കുറ്റം ചുമത്തിയിരുന്നു.

അല്‍-മുത്‌ല പ്രോജക്ടിലെ സബ്‌സ്റ്റേഷനില്‍ ജോലി ചെയ്യുന്നതിനിടയിലാണ് ഈജിപ്ഷ്യൻ തൊഴിലാളിക്ക് അതിശക്തമായ വൈദ്യുതാഘാതമേറ്റതും സംഭവസ്ഥലത്തു തന്നെ മരണപ്പെട്ടതും. 

സുരക്ഷാ ഉപകരണങ്ങളും തൊഴില്‍ സുരക്ഷാ മാർഗ്ഗങ്ങളും ഒരുക്കുന്നതില്‍ കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായ കടുത്ത അനാസ്ഥയാണ് തൊഴിലാളിയുടെ മരണത്തിന് നേരിട്ട് കാരണമായതെന്ന് ക്രിമിനല്‍ കോടതിയും മുൻപ് നിരീക്ഷിച്ചിരുന്നു.

 ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ കമ്പനിക്കും ഇൻഷുറൻസ് സ്ഥാപനത്തിനുമെതിരെ വൻ തുക നഷ്ടപരിഹാരം ഈടാക്കാൻ കോടതി ഉത്തരവിട്ടിരിക്കുന്നത്.

വളരെ പുതിയ വളരെ പഴയ