കുവൈത്തിൽ ചട്ടങ്ങള്‍ ലംഘിച്ച്‌ പ്രവർത്തിച്ച ഏഴ് സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് പൂട്ടിട്ട് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അല്‍ അവാദി


കുവൈത്ത് സിറ്റി: കുവൈത്തില്‍ ആരോഗ്യ മന്ത്രാലയത്തിന്‍റെ ചട്ടങ്ങള്‍ ലംഘിച്ച്‌ പ്രവർത്തിച്ച ഏഴ് സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങള്‍ ഉടനടി അടച്ചു പൂട്ടാൻ ആരോഗ്യ മന്ത്രി ഡോ.അഹമ്മദ് അല്‍ അവാദി തിങ്കളാഴ്ച ഉത്തരവിട്ടു. 

കടുത്ത നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതിനെത്തുടർന്ന് ഒരു പ്രമുഖ മെഡിക്കല്‍ സെന്റർ തുടരന്വേഷണത്തിനായി മെഡിക്കല്‍ ലയബിലിറ്റി അതോറിറ്റിക്ക് കൈമാറിയിട്ടുണ്ട്.

 അടച്ചു പൂട്ടിയ സ്ഥാപനങ്ങളില്‍ ഒരു മെഡിക്കല്‍ സെന്റർ, ക്ലിനിക്, ഫിസിയോ തെറാപ്പി സെന്ററുകള്‍, ഹോം ഹെല്‍ത്ത് കെയർ സർവീസ് കമ്പനികള്‍ എന്നിവ ഉള്‍പ്പെടുന്നു. 

ഇതില്‍ സാല്‍മിയയിലുള്ള പ്രമുഖ മെഡിക്കല്‍ സെന്ററിനെതിരെയാണ് മെഡിക്കല്‍ ലയബിലിറ്റി അതോറിറ്റി അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.

ആവശ്യമായ യോഗ്യതയോ ഔദ്യോഗിക ലൈസൻസോ ഇല്ലാത്ത വ്യക്തികള്‍ രോഗികളെ ചികിത്സിക്കുന്നു എന്നതാണ് പരിശോധനയില്‍ കണ്ടെത്തിയ ഏറ്റവും ഗുരുതരമായ നിയമ ലംഘനം. 

സിവില്‍ ഐഡി കാർഡില്‍ 'സെയില്‍സ് റെപ്രസെന്റേറ്റീവ്' എന്ന് രേഖപ്പെടുത്തിയ ഒരു ജീവനക്കാരൻ ഈ മെഡിക്കല്‍ സെന്ററില്‍ രോഗികളെ പരിശോധിക്കുകയും അവർക്ക് മെഡിക്കല്‍ ഉപദേശങ്ങള്‍ നല്‍കുകയും കൂടാതെ ബോട്ടോക്സ് , ഫില്ലർ കുത്തിവെപ്പുകള്‍ എടുക്കുകയും ചെയ്തതായും സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെത്തി.

ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ഹെല്‍ത്ത് ലൈസൻസിങ് വിഭാഗം, ഡ്രഗ് ഇൻസ്പെക്ഷൻ വിഭാഗം, പബ്ലിക് അതോറിറ്റി ഫോർ മാൻപവർ, ജനറല്‍ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനല്‍ ഇൻവെസ്റ്റിഗേഷൻ എന്നിവ സംയുക്തമായി നടത്തിയ മിന്നല്‍ പരിശോധനയിലാണ് ഈ വൻ ക്രമക്കേടുകള്‍ പുറത്തുവന്നത്. 

ആരോഗ്യ മേഖലയിലെ സുതാര്യതയും നിയമപാലനവും ഉറപ്പാക്കാൻ വിവിധ സർക്കാർ ഏജൻസികള്‍ ഒത്തൊരുമിച്ച്‌ നടത്തിയ നീക്കമായിരുന്നു ഇത്.

 പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന ഇത്തരം വ്യാജ ചികിത്സാ കേന്ദ്രങ്ങള്‍ക്കെതിരെ വരും ദിവസങ്ങളിലും കർശന നടപടി തുടരുമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

വളരെ പുതിയ വളരെ പഴയ