സുരക്ഷിതമല്ലാത്ത വിപിഎൻ ആപ്ലിക്കേഷനുകൾ ഉപയോ​ഗിക്കുന്നവർക്ക് മുന്നറിയിപ്പ് നിർദേശവുമായി ഒമാൻ ടെലി കമ്മ്യൂണിക്കേഷൻസ്


മസ്കത്ത്: സുരക്ഷിതമല്ലാത്ത വിപിഎൻ ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി ഒമാൻ ടെലി കമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി. 

ഇത്തരം വ്യാജ ആപ്പുകളുടെ ഉപയോഗം വ്യക്തിഗത വിവരങ്ങളുടെ ചോർച്ചയ്ക്കും കടുത്ത സൈബർ സുരക്ഷാ ഭീഷണികൾക്കും കാരണമാകുമെന്ന് അതോറിറ്റി വ്യക്തമാക്കുന്നു.

ചില രാജ്യങ്ങളിൽ നിരോധിച്ച വെബ്സൈറ്റുകളോ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളോ ഉപയോഗിക്കുന്നതിനായി പൊതുജനങ്ങൾ വ്യാപകമായി ആശ്രയിക്കുന്ന വി.പി.എൻ ആപ്പുകൾ വലിയ കെണിയാണെന്നാണ് ടിആർഎ വ്യക്തമാക്കുന്നത്. 

സൗജന്യമായി ലഭിക്കുന്ന വി.പി.എൻ ആപ്പുകൾ ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ നിരന്തരം ട്രാക്ക് ചെയ്യുകയോ മറ്റ് മൂന്നാം കക്ഷികൾക്ക് വിൽക്കുകയോ ചെയ്തേക്കാം. ഫോണിൽ ഇൻസ്റ്റാൾ ചെയ്യുമ്പോൾ ആവശ്യമില്ലാത്ത പെർമിഷനുകൾ ചോദിക്കുന്ന ആപ്പുകളെ പ്രത്യേകം ശ്രദ്ധിക്കണമെന്നും അതോറിറ്റി ഓർമ്മിപ്പിച്ചു.

ഓൺലൈൻ ബാങ്കിങ് ലോഗ് ഇൻ വിവരങ്ങൾ, വ്യക്തിഗത പാസ്വേഡുകൾ അടക്കമുള്ള അതീവ രഹസ്യ സ്വഭാവമുള്ള ഓൺലൈൻ പ്രവർത്തനങ്ങൾ ചോർത്താൻ ഇത്തരം സുരക്ഷിതമല്ലാത്ത ആപ്പുകൾക്ക് കഴിയും.

 ഇതിനു പുറമെ, ഫോണുകളിലേക്ക് മാൽവെയറുകൾ അഥവാ വൈറസുകൾ പ്രവേശിക്കാനും ഉപയോക്താക്കളെ സംശയാസ്പദമായ ലിങ്കുകളിലേക്കും വ്യാജ വെബ്സൈറ്റുകളിലേക്കും നയിച്ച് സാമ്പത്തിക തട്ടിപ്പുകൾക്ക് ഇരയാക്കാൻ സാധ്യതയുണ്ടെന്നും അതോറിറ്റി വിശദീകരിച്ചു. 

ഔദ്യോഗികവും സുരക്ഷിതവുമായ മാർഗങ്ങൾ മാത്രം ഡിജിറ്റൽ ആശയ വിനിമയങ്ങൾക്കായി ഉപയോഗിക്കണമെന്നും ടിആർഎ പൊതുജനങ്ങളോട് അഭ്യർഥിച്ചു.

വളരെ പുതിയ വളരെ പഴയ