മധുരം കൂടിയാൽ നികുതിയും കൂടും,ഖത്തറിൽ മധുരപാനീയങ്ങൾക്കുള്ള പുതിയ നികുതിനിരക്കുകൾ നിലവിൽ വന്നു

 


പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന്റെയും പഞ്ചസാരയുടെ അമിത ഉപയോഗം കുറയ്ക്കുന്നതിന്റെയും ഭാഗമായി ഖത്തറിൽ മധുരപാനീയങ്ങൾക്ക് പുതിയ എക്സൈസ് നികുതി നിലവിൽ വന്നു. ജൂലൈ ആറ് മുതൽ പുതിയ നികുതി വ്യവസ്ഥ പ്രാബല്യത്തിൽ വന്നതായി ഖത്തർ ജനറൽ ടാക്സ് അതോറിറ്റി അറിയിച്ചു.

മുൻപ് പാനീയങ്ങളുടെ അളവ് മാത്രം നോക്കിയായിരുന്നു നികുതി നിശ്ചയിച്ചിരുന്നതെങ്കിൽ ഇനി മുതൽ പാനീയങ്ങളിൽ അടങ്ങിയിരിക്കുന്ന പഞ്ചസാരയുടെയോ മധുരത്തിന്റെയോ അളവ് അനുസരിച്ചായിരിക്കും നികുതി ഈടാക്കുക. രണ്ടായിരത്തി ഇരുപത്തിയാറിലെ രണ്ടാം നമ്പർ നിയമ ഭേദഗതി പ്രകാരമാണ് ഈ പുതിയ പരിഷ്കാരം നടപ്പിലാക്കുന്നത്.

മധുരം ചേർത്ത സോഫ്റ്റ് ഡ്രിങ്കുകൾ, ജ്യൂസുകൾ, വെള്ളമോ മറ്റ് പാനീയങ്ങളോ ചേർത്ത് കുടിക്കാൻ പാകത്തിൽ മാറ്റിയെടുക്കാവുന്നതും മധുരമുള്ളതുമായ ഉൽപ്പന്നങ്ങൾ, കോൺസെൻട്രേറ്റുകൾ, പൗഡറുകൾ, എക്സ്ട്രാക്റ്റുകൾ തുടങ്ങിയവ പുതുക്കിയ നിയമപ്രകാരം നികുതി പരിധിയിൽ വരും. പാക്കറ്റുകളിൽ ലഭ്യമാകുന്ന ഉൽപ്പന്നങ്ങൾക്ക് മാത്രമായിരിക്കും ഈ നികുതി ബാധകമാവുക. കഫേകളിലും റെസ്റ്റോറന്റുകളിലും ഉടനടി ഉപയോഗിക്കുന്നതിനായി തയ്യാറാക്കി നൽകുന്ന പാനീയങ്ങളെ ഇതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

 

വളരെ പുതിയ വളരെ പഴയ