അഞ്ച് വർഷത്തെ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസ എല്ലാ രാജ്യക്കാർക്കും: സ്പോൺസറില്ലാതെ അപേക്ഷിക്കാം

 


ദുബൈ: എല്ലാ വിദേശ രാജ്യക്കാർക്കും ലഭ്യമാകുന്ന യു എ ഇയുടെ അഞ്ച് വർഷത്തെ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസയുടെ യോഗ്യതകളും നിബന്ധനകളും ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജി ഡി ആർ എഫ് എ) വ്യക്തമാക്കി. സ്പോൺസറോ ഹോസ്റ്റോ ഇല്ലാതെ സന്ദർശകർക്ക് സ്വയം സ്പോൺസർ ചെയ്ത് ഈ വിസ സ്വന്തമാക്കാവുന്നതാണ്. അഞ്ച് വർഷത്തെ കാലാവധിയുള്ള ഈ വിസ ഉപയോഗിച്ച് എത്ര തവണ വേണമെങ്കിലും രാജ്യത്തേക്ക് പ്രവേശിക്കുകയും തിരിച്ചാകുകയും ചെയ്യാം.

ഈ വിസയുള്ളവർക്ക് ഓരോ സന്ദർശന വേളയിലും 90 ദിവസം വരെ രാജ്യത്ത് തങ്ങാൻ അനുമതിയുണ്ട്. ആവശ്യമുണ്ടെങ്കിൽ ഇത് വീണ്ടും 90 ദിവസത്തേക്ക് കൂടി നീട്ടാം. എന്നാൽ, ഒരു വർഷത്തിൽ ആകെ താമസിക്കാവുന്ന കാലാവധി 180 ദിവസത്തിൽ കൂടാൻ പാടില്ലെന്ന് അധികൃതർ വ്യക്തമാക്കി. യു എ ഇയിലേക്ക് പതിവായി യാത്ര ചെയ്യുന്നവർക്കും ബിസിനസ് ആവശ്യങ്ങൾക്കായി എത്തുന്നവർക്കും കുടുംബ സന്ദർശകർക്കും വലിയ രീതിയിൽ പ്രയോജനപ്പെടുന്നതാണ് ഈ ദീർഘകാല വിസ.

അപേക്ഷിക്കാനുള്ള യോഗ്യത

കുറഞ്ഞത് ആറ് മാസത്തെ കാലാവധിയുള്ള പാസ്പോർട്ട്, പുതിയ വ്യക്തിഗത ഫോട്ടോ, യു എ ഇയിൽ സാധുതയുള്ള ആരോഗ്യ ഇൻഷ്വറൻസ് രേഖ, മടക്കയാത്രക്കുള്ള വിമാന ടിക്കറ്റ് എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കണം. ഇതിന് പുറമെ, ആറ് മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റും ഹാജരാക്കേണ്ടതുണ്ട്. അപേക്ഷിക്കുന്നതിന് തൊട്ടുമുമ്പുള്ള ആറ് മാസങ്ങളിൽ ബാങ്ക് അക്കൗണ്ടിൽ കുറഞ്ഞത് 4,000 ഡോളറോ അതിന് തുല്യമായ തുകയോ ബാലൻസ് ഉണ്ടായിരിക്കണം എന്നതാണ് ഇതിലെ പ്രധാന നിബന്ധന.

അപേക്ഷിക്കേണ്ട വിധം

യു എ ഇയുടെ ഔദ്യോഗിക ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ, സ്മാർട്ട് ആപ്ലിക്കേഷനുകൾ എന്നിവ വഴി 24 മണിക്കൂറും അപേക്ഷകൾ സമർപ്പിക്കാം. കൂടാതെ കസ്റ്റമർ ഹാപ്പിനസ് സെന്ററുകൾ, ആമിർ സേവന കേന്ദ്രങ്ങൾ എന്നിവ വഴിയും അപേക്ഷ നൽകാം. വിസ ഫീസ്, സർവീസ് ചാർജ്, റീഫണ്ടബിൾ സെക്യൂരിറ്റി ഡിപ്പോസിറ്റ് എന്നിവ ഉൾപ്പെടെ ആകെ 3,713 ദിർഹമാണ് അപേക്ഷാ ചെലവ് വരുന്നത്. വ്യക്തിഗത സാഹചര്യങ്ങൾക്ക് അനുസരിച്ച് ഈ തുകയിൽ നേരിയ മാറ്റങ്ങൾ വരാം. വിസ കാലാവധി കഴിഞ്ഞ് രാജ്യത്ത് തുടരുന്നവർക്കെതിരെയുള്ള പിഴ ഒഴിവാക്കാൻ യാത്രാ വിവരങ്ങൾ കൃത്യമായി നിരീക്ഷിക്കണമെന്നും അധികൃതർ ഓർമിപ്പിച്ചു.

 

വളരെ പുതിയ വളരെ പഴയ