ഫീസുകളും പിഴകളും ഗഡുക്കളായി അടയ്ക്കുന്നതിനായി 'ടാബി' സേവനവുമായി യുഎഇ


അബുദാബി: മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയത്തിന് നൽകാനുള്ള ഫീസുകളും പിഴകളും ഗഡുക്കളായി അടയ്ക്കുന്നതിനായി 'ടാബി' സേവനം ആരംഭിച്ചു. ഉപയോക്താക്കൾക്ക് സാമ്പത്തിക ബാധ്യതകൾ കൂടുതൽ എളുപ്പത്തിൽ തീർപ്പാക്കാൻ സഹായിക്കുന്നതാണ് പുതിയ പദ്ധതി.

ഒരു ഇടപാടിൽ പരമാവധി 20,000 ദിർഹം വരെ 4 മുതൽ 12 മാസം വരെയുള്ള തവണകളായി അടയ്ക്കാനുള്ള സൗകര്യമാണ് ലഭ്യമാക്കിയിരിക്കുന്നത്.

മന്ത്രാലയത്തിന്റെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വഴി ലളിതവും സുരക്ഷിതവുമായ മാർഗത്തിലൂടെ ഉപയോക്താക്കൾക്ക് ഈ സേവനം പ്രയോജനപ്പെടുത്താം.

ഡിജിറ്റൽ സേവനങ്ങൾ കൂടുതൽ എളുപ്പമാക്കുന്നതിനും ഉപയോക്താക്കളുടെ ആവശ്യങ്ങൾ മുൻനിർത്തിയുള്ള പരിഹാരങ്ങൾ നൽകുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ സംവിധാനമെന്ന് സപ്പോർട്ട് സർവീസസ് വിഭാഗം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മുഹമ്മദ് സഖർ അൽ നുഐമി പറഞ്ഞു.

 യുഎഇയിലെ എട്ട് പ്രമുഖ ബാങ്കുകളുടെ ക്രെഡിറ്റ് കാർഡുകൾ വഴി പലിശയില്ലാതെ ഗഡുക്കളായി തുകയടയ്ക്കാനുള്ള സൗകര്യം നിലവിലുണ്ട്. ഇതിന് പുറമെയാണ് പുതിയ ഡിജിറ്റൽ തവണ വ്യവസ്‌ഥയും മന്ത്രാലയം അവതരിപ്പിച്ചത്.

എമിറേറ്റ്സ് എൻബിഡി, അബുദാബി കൊമേഴ്സ്യൽ ബാങ്ക്, അബുദാബി ഇസ്ല‌ാമിക് ബാങ്ക്, ഫസ്റ്റ് അബുദാബി ബാങ്ക്, മഷെഖ് ബാങ്ക്, കൊമേഴ്സ്യൽ ബാങ്ക് ഓഫ് ദുബായ്, കൊമേഴ്സ്യൽ ഇന്റർനാഷനൽ ബാങ്ക്, റാക് ബാങ്ക് എന്നിവയാണ് അംഗീകൃത ബാങ്കുകൾ. ബാങ്കുകൾ നിഷ്കർഷിക്കുന്ന നിബന്ധനകൾക്ക് വിധേയമായി 12 മാസം വരെ പലിശരഹിത തവണകൾ ഇതിലൂടെ ലഭ്യമാണ്.

വളരെ പുതിയ വളരെ പഴയ