കുവൈത്തിൽ ബാച്ചിലർ താമസത്തിനെതിരെ പരിശോധന ശക്തമാക്കുന്നു; എല്ലാ ഗവർണറേറ്റുകളിലും പ്രത്യേക സംഘങ്ങൾ


 കുെവൈത്ത് സിറ്റി: കുവൈത്തിലെ സ്വകാര്യ, മോഡൽ റെസിഡൻഷ്യൽ മേഖലകളിൽ ബാച്ചിലർമാരുടെ താമസം നിരീക്ഷിക്കുന്നതിനും നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനുമായി പ്രത്യേക ഫീൽഡ് സംഘങ്ങളെ രൂപീകരിച്ചു. രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലും പരിശോധന ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ സംഘങ്ങളെ നിയോഗിച്ചിരിക്കുന്നത്. ബാച്ചിലർ ഹൗസിങ് നിരീക്ഷണ സമിതിയുടെ തലവൻ എൻജിനീയർ നിസാർ അൽ അവാദ് ആണ് ഇക്കാര്യം അറിയിച്ചത്.

​നിലവിലുള്ള ബാച്ചിലേഴ്‌സ് കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്ക് പുറമെ പുതിയ സംഘങ്ങളും ഫീൽഡ് പരിശോധനകൾ നടത്തും. കുടുംബങ്ങൾ താമസിക്കുന്ന റെസിഡൻഷ്യൽ മേഖലകളുടെ സാമൂഹിക, ജനസംഖ്യാപരമായ സ്വഭാവത്തെ ബാധിക്കുന്ന രീതിയിലുള്ള താമസ ക്രമീകരണങ്ങൾ തടയുകയാണ് ലക്ഷ്യം.

​പരിശോധനാ സംഘങ്ങൾ ആഭ്യന്തര മന്ത്രാലയം, വൈദ്യുതി-ജലം-പുനരുപയോഗ ഊർജ മന്ത്രാലയം, പബ്ലിക് അതോറിറ്റി ഫോർ മാൻപവർ, പബ്ലിക് അതോറിറ്റി ഫോർ എൻവയോൺമെന്റ് എന്നിവയുമായി ഏകോപിച്ച് പ്രവർത്തിക്കും.

​പരിശോധനകളുടെ ഫലങ്ങളും നിയമലംഘനം കണ്ടെത്തിയ കെട്ടിടങ്ങളുടെ വിവരങ്ങളും ഉൾപ്പെടുത്തി പതിവായി റിപ്പോർട്ടുകൾ സമർപ്പിക്കുമെന്നും കമ്മിറ്റി റാപ്പോർട്ടർ എൻജിനീയർ മുഹമ്മദ് അൽ ജലാവി അറിയിച്ചു. സ്വകാര്യ റെസിഡൻഷ്യൽ മേഖലകളിലെ വീടുകൾ ബാച്ചിലർമാർക്ക് വാടകയ്ക്ക് നൽകുന്നതായി കണ്ടെത്തുന്ന കെട്ടിട ഉടമകൾക്കെതിരെ കർശന നടപടിയുണ്ടാകും. സാമ്പത്തിക പിഴ ചുമത്തുന്നതിനൊപ്പം, ആവശ്യമായ സാഹചര്യങ്ങളിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കുന്ന നടപടിയും സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

​ 

വളരെ പുതിയ വളരെ പഴയ