സൗഹൃദം കൂടുതൽ ശക്തമാക്കാൻ യുഎഇയും ഒമാനും; സുൽത്താൻ ഹൈതം ബിൻ താരിഖിന് അബുദാബിയിൽ ഊഷ്മള സ്വീകരണം

   


അബുദാബി: യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ്. യുഎഇയിൽ സന്ദർശനത്തിനെത്തിയ സുൽത്താൻ ഹൈതം ബിൻ താരിഖിനെ അബുദാബിയിൽ വച്ചാണ് ശൈഖ് മുഹമ്മദ് സ്വീകരിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ദീർഘകാല സാഹോദര്യ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും സാമ്പത്തിക, വികസന മേഖലകളിലെ സഹകരണം വിപുലീകരിക്കുന്നതിനെക്കുറിച്ചും നേതാക്കൾ ചർച്ച ചെയ്തു.  

​മേഖലയിലെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനായി ഒന്നിച്ച് പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത ഇരു നേതാക്കളും ചൂണ്ടിക്കാട്ടി. പൊതുവായ വെല്ലുവിളികളെ നേരിടുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി പരസ്പര കൂടിയാലോചനകളും സഹകരണവും ശക്തമായി തുടരാൻ ഇരു രാജ്യങ്ങളും തീരുമാനിച്ചു.  

​അബുദാബിയിലെ പ്രസിഡൻഷ്യൽ വിമാനത്താവളത്തിൽ എത്തിയ ഒമാൻ സുൽത്താനെ യുഎഇ പ്രസിഡന്റും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു. ചർച്ചയിൽ ഇരു രാജ്യങ്ങളിലെയും പ്രമുഖ ഭരണാധികാരികളും മന്ത്രിമാരും പങ്കെടുത്തു. ദുബായ് ഒന്നാം ഉപഭരണാധികാരിയും ഉപപ്രധാനമന്ത്രിയുമായ ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളും മന്ത്രിമാരും ചർച്ചയിൽ പങ്കാളികളായി.  

​ 

വളരെ പുതിയ വളരെ പഴയ