ദോഹ :ഫിഫ അണ്ടർ 17 ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ നേരിട്ടുകാണുന്നതിനുള്ള പൊതുജനങ്ങൾക്കായുള്ള ടിക്കറ്റ് വിൽപ്പന ആരംഭിച്ചു. ഔദ്യോഗിക വെബ്സൈറ്റായ roadtoqatar.qa വഴി പൂർണ്ണമായും ഡിജിറ്റൽ രൂപത്തിലാണ് ടിക്കറ്റുകൾ ലഭ്യമാകുക. നേരത്തെ ഖത്തർ വിസ കാർഡ് ഉടമകൾക്കായി പ്രീസെയിൽ വിൽപ്പന സംഘടിപ്പിച്ചിരുന്നു.
ആരാധകർക്കായി ആകർഷകമായ ഓഫറുകളോടെ ഡേ പാസ്, പ്രൈം പാസ് സൗകര്യങ്ങളാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്. ഗ്രൂപ്പ് ഘട്ടം, റൗണ്ട് ഓഫ് 32, പ്രീ ക്വാർട്ടർ, ക്വാർട്ടർ മത്സരങ്ങൾക്ക് 20 ഖത്തരി റിയാലാണ് ഒരു ദിവസത്തെ ഡേ പാസ് നിരക്ക്. ഒരു മാച്ച് ഡേയിൽ ഒരാൾക്ക് പരമാവധി ആറ് പാസുകൾ വരെ വാങ്ങാം. സെമി ഫൈനൽ വരെയുള്ള പ്രധാന മത്സരങ്ങളിൽ സീറ്റുകൾ നേരത്തെ ഉറപ്പാക്കാൻ 35 ഖത്തരി റിയാൽ നിരക്കിൽ പ്രൈം പാസുകൾ തിരഞ്ഞെടുക്കാവുന്നതാണ്. ഫൈനൽ മത്സരത്തിന് കാറ്റഗറി ഒന്നിന് 30 റിയാലും കാറ്റഗറി രണ്ടിന് 15 റിയാലുമാണ് നിരക്ക്.
ഭിന്നശേഷിയുള്ള ആരാധകർക്കായി പ്രത്യേക പ്രവേശന ടിക്കറ്റുകളും ഒപ്പം ഒരു കൂട്ടാളിക്ക് സൗജന്യ ടിക്കറ്റും ലഭിക്കും. ഇവർക്ക് accessibility.tickets@sc.qa എന്ന ഇമെയിൽ വഴി ബന്ധപ്പെടാവുന്നതാണ്.
നവംബർ 19 മുതൽ ഡിസംബർ 13 വരെ അസ്പയർ സോണിലെ അത്യാധുനിക കോംപ്ലക്സിലാണ് മത്സരങ്ങൾ അരങ്ങേറുന്നത്. 48 ടീമുകൾ മാറ്റുരയ്ക്കുന്ന ടൂർണമെന്റിൽ ആകെ 104 പോരാട്ടങ്ങളാണുള്ളത്. കലാശപ്പോരാട്ടത്തിന് അഹമ്മദ് ബിൻ അലി സ്റ്റേഡിയം വേദിയാകും. ആതിഥേയരായ ഖത്തർ ഗ്രൂപ്പ് എയിലാണ് മത്സരിക്കുന്നത്. ഈജിപ്ത്, ഗ്രീസ്, പനാമ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകൾ. നവംബർ 19ന് വൈകുന്നേരം 6.30ന് പനാമയുമായാണ് ഖത്തറിന്റെ ആദ്യ മത്സരം.
