ദോഹ :ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം രാജ്യത്തെ നാല് ആരോഗ്യ കേന്ദ്രങ്ങളെ കൂടി ബേബി ഫ്രണ്ട്ലി അഥവാ ശിശുസൗഹൃദ കേന്ദ്രങ്ങളായി പ്രഖ്യാപിച്ചു. ബേബി ഫ്രണ്ട്ലി ഹോസ്പിറ്റൽ ഇനിഷ്യേറ്റീവ് പദ്ധതിയുടെ ഭാഗമായി മാതൃ ശിശു ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും മുലയൂട്ടലിനെ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഈ നടപടി.
പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷന് കീഴിലുള്ള ലബായിബ് ഹെൽത്ത് സെന്റർ, ഉം സലാൽ ഹെൽത്ത് സെന്റർ, അൽ തുമാമ ഹെൽത്ത് സെന്റർ, മുഐതർ ഹെൽത്ത് സെന്റർ എന്നിവയ്ക്കാണ് പുതിയ അംഗീകാരം ലഭിച്ചത്. ലോകാരോഗ്യ സംഘടന, യുണിസെഫ് എന്നിവ നിശ്ചയിച്ചിട്ടുള്ള അന്താരാഷ്ട്ര മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുകയും അമ്മമാർക്കും കുട്ടികൾക്കും മികച്ച പരിചരണവും പിന്തുണയും ഉറപ്പാക്കുകയും ചെയ്തതിനാണ് ഈ പദവി നൽകിയത്.
പൊതുജനാരോഗ്യ മന്ത്രാലയത്തിലെ വിദഗ്ധ സംഘം നടത്തിയ സമഗ്രമായ പരിശോധനകൾക്കും വിലയിരുത്തലുകൾക്കും ശേഷമാണ് ഈ പ്രഖ്യാപനം. ഇതോടെ ഖത്തറിൽ ബേബി ഫ്രണ്ട്ലി പദവി ലഭിച്ച ആരോഗ്യ കേന്ദ്രങ്ങളുടെ ആകെ എണ്ണം ഒമ്പതായി ഉയർന്നു.
