ദോഹ: തപാൽ പാഴ്സൽ വഴി ഖത്തറിലേക്ക് അനധികൃതമായി കടത്താൻ ശ്രമിച്ച മെത്താംഫെറ്റമൈൻ (ഷാബു) ലഹരിമരുന്ന് കര അതിർത്തി കസ്റ്റംസ് വിഭാഗം പിടികൂടിയതായി ഖത്തർ കസ്റ്റംസ് അതോറിറ്റി അറിയിച്ചു. 880.88 ഗ്രാം മെത്താംഫെറ്റമൈനാണ് പിടിച്ചെടുത്തത്.
രാജ്യത്തേക്ക് വന്ന തപാൽ പാഴ്സലുകളിലൊന്നിൽ സംശയം തോന്നിയതിനെ തുടർന്ന് കസ്റ്റംസ് ഇൻസ്‌പെക്ടർ നടത്തിയ വിശദമായ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. പാഴ്സലിന്റെ കവറിനുള്ളിലെ വശങ്ങളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന്. 4 പാക്കറ്റുകളിലായിട്ടാണ് ഇവ സൂക്ഷിച്ചിരുന്നത്.
പിടിച്ചെടുത്ത ലഹരിമരുന്നിന്റെ ചിത്രങ്ങൾ ഉൾപ്പെടെയുള്ള വിവരങ്ങൾ കസ്റ്റംസ് വിഭാഗം തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പുറത്തുവിട്ടിട്ടുണ്ട്.
