ദോഹ: വനിതകളുടെ കഴിവുകൾക്കും സംരംഭകത്വത്തിനും പ്രോത്സാഹനം നൽകുന്നതിനൊപ്പം പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ ജീവിതശൈലിയുടെ സന്ദേശം പ്രചരിപ്പിക്കാനും ലക്ഷ്യമിട്ട് എം.ജി.എം ഖത്തർ സംഘടിപ്പിച്ച ‘ഫ്ലേവേഴ്സ് ആൻഡ് ഫ്ലോറസ് – സീസൺ 2’ എക്സ്പോ ശ്രദ്ധേയമായി. വെള്ളിയാഴ്ച തുമാമയിലെ ഹെറിറ്റേജ് ഇന്റർനാഷണൽ അക്കാദമി ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ കുടുംബങ്ങളുൾപ്പെടെ നൂറുകണക്കിനാളുകൾ പങ്കെടുത്തു. എം.ഇ.എസ് സ്കൂൾ പ്രിൻസിപ്പൽ ഹമീദ ഖാദറും ഐ.സി.ബി.എഫ് പ്രതിനിധി മിനി സിബിയും ചേർന്ന് എം.ജി.എം ഖത്തർ സെക്രട്ടേറിയറ്റ് അംഗങ്ങളുടെ സാന്നിധ്യത്തിൽ എക്സ്പോ ഉദ്ഘാടനം ചെയ്തു.
ഖത്തറിലെ വീടുകളിൽ വിഷരഹിതമായ ജൈവ പച്ചക്കറികൾ കൃഷി ചെയ്യാൻ വനിതകളെ പ്രോത്സാഹിപ്പിക്കുന്നതിനായി എം.ജി.എം ഖത്തർ നടപ്പിലാക്കുന്ന 'ഹരിതഭവനം' പദ്ധതിയുടെ പതിനൊന്നാം സീസണിനും ചടങ്ങിൽ തുടക്കമായി. വീട്ടുവളപ്പുകളിലും ലഭ്യമായ ചെറിയ ഇടങ്ങളിലും ജൈവകൃഷി പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 'Connect, Conserve, Create' എന്ന പ്രമേയത്തിലായിരുന്നു ഇത്തവണത്തെ എക്സ്പോ. പരിസ്ഥിതി സംരക്ഷണം, വിഭവങ്ങളുടെ പുനരുപയോഗം, സുസ്ഥിര ജീവിതശൈലി എന്നിവയെക്കുറിച്ച് സന്ദർശകർക്ക് അവബോധം നൽകുന്ന വിവിധ പ്രദർശനങ്ങളും പ്രവർത്തനങ്ങളും ഒരുക്കിയിരുന്നു.
ഉപയോഗശൂന്യമായ വസ്തുക്കൾ പ്രയോജനകരമായ ഉൽപ്പന്നങ്ങളാക്കി മാറ്റുന്നതിന്റെ സാധ്യതകൾ പരിചയപ്പെടുത്താൻ 'ബെസ്റ്റ് ഔട്ട് ഓഫ് വേസ്റ്റ്' മത്സരവും, ഭക്ഷണം പാഴാക്കുന്നത് ഒഴിവാക്കാൻ പ്രോത്സാഹിപ്പിക്കുന്ന 'ലെഫ്റ്റ് ഓവർ ഫുഡ് റെസിപ്പി' മത്സരവും നടന്നു. എം.ജി.എം മേഖലകൾ ഒരുക്കിയ വൈവിധ്യമാർന്ന ഭക്ഷണവിഭവങ്ങളുടെ ഫുഡ് സ്റ്റാളുകൾ, ഹരിതഭവനത്തിന്റെ നേതൃത്വത്തിലുള്ള തൈകളുടെയും പൂച്ചെടികളുടെയും പ്രദർശനവും വിൽപ്പനയും, അംഗങ്ങൾ നിർമിച്ച കരകൗശല വസ്തുക്കളുടെ പ്രദർശനം എന്നിവ സന്ദർശകരുടെ ശ്രദ്ധ പിടിച്ചുപറ്റി.
കുട്ടികൾക്കായി ഒരുക്കിയ കിഡ്സ് കോർണർ വിവിധ കളികളും മത്സരങ്ങളുമായി സജീവമായി. തത്സമയ മൈലാഞ്ചിയിടൽ, ഫേസ് പെയിന്റിംഗ് തുടങ്ങിയ പരിപാടികളും ഒരുക്കിയിരുന്നു. ക്യു.എൽ.എസ് വിങ്ങിന്റെ നേതൃത്വത്തിൽ പരിസ്ഥിതി സംരക്ഷണ പ്രദർശനങ്ങളും, ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്ററിന്റെ വിദ്യാഭ്യാസ വിഭാഗത്തിന്റെ ബോധവൽക്കരണ സ്റ്റാളുകളും നടന്നു. മനുഷ്യന്റെ ജീവിതയാത്രയുടെ വിവിധ ഘട്ടങ്ങൾ ദൃശ്യവൽക്കരിച്ച പ്രത്യേക അവതരണവും ശ്രദ്ധേയമായി. വായനാപ്രേമികൾക്കായി 'ബുക്ക് ലവേഴ്സ് കോർണർ', നസീം മെഡിക്കൽ സെന്ററിന്റെ നേതൃത്വത്തിൽ സൗജന്യ വൈറ്റൽ ഹെൽത്ത് ചെക്കപ്പ് എന്നിവയും എക്സ്പോയുടെ ഭാഗമായി ഒരുക്കിയിരുന്നു.
എം.ജി.എം ഖത്തർ പ്രസിഡന്റ് സനിയ ടീച്ചർ, ജനറൽ സെക്രട്ടറി തൗഹീദ റഷീദ്, ട്രഷറർ ജാസ്മിൻ നൗഷാദ്, പ്രോഗ്രാം കമ്മിറ്റി കൺവീനർ റഷീദ് അലി വി.പി, ഹമീദ് കല്ലിക്കണ്ടി, അസ്ലം മാഹി എന്നിവരും എം.ജി.എം പ്രവർത്തക സമിതി അംഗങ്ങളും പരിപാടികൾക്ക് നേതൃത്വം നൽകി.
