ഹോർമുസ് കടലിടുക്കിൽ വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണം; രണ്ട് എണ്ണക്കപ്പലുകൾക്ക് തീപിടിച്ചു, സൗദിയിൽ ഹൂതി മിസൈലുകൾ തകർത്തു


ടെഹ്‌റാൻ / റിയാദ്: പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ വീണ്ടും എണ്ണക്കപ്പലുകൾക്ക് നേരെ ആക്രമണം. കടൽ മൈനിൽ ഇടിച്ചതിനെ തുടർന്ന് രണ്ട് എണ്ണക്കപ്പലുകൾക്കാണ് തീപിടിച്ചത്. ഹോർമുസ് കടലിടുക്കിന്റെ തെക്കൻ പാത മുറിച്ചുകടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കപ്പലുകൾ പൂർണ്ണമായും കത്തിനശിച്ചതായി ഇറാനിയൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

അതേസമയം, ആക്രമണത്തിനിരയായ കപ്പലുകളിലെ എല്ലാ ജീവനക്കാരും സുരക്ഷിതരാണെന്ന് യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (UKMTO) അറിയിച്ചു. മേഖലയിലൂടെ കടന്നുപോകുന്ന കപ്പലുകൾ അതീവ ജാഗ്രത പാലിക്കണമെന്നും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

സൗദിക്ക് നേരെയുള്ള ഹൂതി ആക്രമണ ശ്രമം തകർത്തു:

ഇതിനിടെ, സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിന് നേരെയും കിഴക്കൻ പ്രവിശ്യയ്ക്ക് നേരെയും ഹൂതി വിമതർ നടത്തിയ ആക്രമണ ശ്രമം സൗദി വ്യോമപ്രതിരോധ സേന ആകാശത്തുവെച്ച് തന്നെ നിർവീര്യമാക്കി. റിയാദിലേക്ക് തൊടുത്തുവിട്ട രണ്ട് ബാലിസ്റ്റിക് മിസൈലുകളും കിഴക്കൻ പ്രവിശ്യ ലക്ഷ്യമിട്ടെത്തിയ മൂന്ന് ഡ്രോണുകളും തകർത്തതായി സഖ്യസേന വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി വ്യക്തമാക്കി.

യെമനിൽ 'ഫജർ യെമൻ' സൈനിക നടപടി ശക്തം:

യെമനിൽ ഹൂതി കേന്ദ്രങ്ങൾക്കെതിരെ സൈന്യം നടത്തുന്ന 'ഫജർ യെമൻ' സൈനിക നടപടി ശക്തമായി തുടരുകയാണ്. കഴിഞ്ഞ മണിക്കൂറുകളിൽ യെമൻ സൈന്യം 723 വ്യോമ-കര ആക്രമണങ്ങളാണ് നടത്തിയത്. യുദ്ധവിമാനങ്ങൾ വഴി 37 ആക്രമണങ്ങളും ഡ്രോണുകൾ വഴി 56 ആക്രമണങ്ങളും നടത്തി. കൂടാതെ റോക്കറ്റ് ലോഞ്ചറുകൾ ഉപയോഗിച്ച് 89 തവണയും ആർട്ടിലറികൾ ഉപയോഗിച്ച് 541 തവണയും ഹൂതി കേന്ദ്രങ്ങൾ തകർത്തു.

തായ്‌സ്, മാരിബ്, അൽ-ജൗഫ് മേഖലകളിലും തെക്കൻ മേഖലകളിലും സൈന്യം ഹൂതികളെ നേരിടുകയാണ്. സാധാരണക്കാരുടെ സുരക്ഷ പൂർണ്ണമായും ഉറപ്പാക്കിയാണ് സൈനിക നീക്കമെന്ന് വക്താവ് അറിയിച്ചു. ഈ ആക്രമണങ്ങളിൽ 321 ഹൂതി കമാൻഡർമാരും പോരാളികളും കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തതായും 117 സൈനിക വാഹനങ്ങൾ തകർത്തതായും സൈന്യം വ്യക്തമാക്കി. ബാബ് അൽ-മന്ദബ് കടലിടുക്കിലെയും ആഗോള വ്യാപാര പാതകളിലെയും സുരക്ഷ ഉറപ്പാക്കുന്നത് വരെ പോരാട്ടം തുടരുമെന്നും സൈന്യം അറിയിച്ചു.



വളരെ പുതിയ വളരെ പഴയ