ഖത്തറിൽ പുതിയ ട്രാഫിക് നിയമം; കുട്ടികളെ വാഹനത്തിൽ തനിച്ചാക്കിയാൽ 10,000 റിയാൽ പിഴ


ദോഹ: ഖത്തറിൽ പുതിയ ട്രാഫിക് നിയമപ്രകാരം കുട്ടികളെയോ മുതിർന്നവരുടെ മേൽനോട്ടം ആവശ്യമായ വ്യക്തികളെയോ വാഹനത്തിനുള്ളിൽ തനിച്ചാക്കി പോകുന്നത് നിരോധിച്ചു. ഏതാനും നിമിഷത്തേക്ക് മാത്രമാണെങ്കിലും ഇത്തരത്തിൽ വാഹനത്തിനുള്ളിൽ ആളുകളെ ഒറ്റയ്ക്കാക്കി പോകാൻ അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. നിയമം ലംഘിക്കുന്നവർക്ക് 10,000 ഖത്തർ റിയാൽ പിഴ ചുമത്തും.

2026-ലെ നിയമം നമ്പർ 19 പ്രകാരമുള്ള ട്രാഫിക് നിയമത്തിലെ 71-ാം വകുപ്പ്, രണ്ടാം ഖണ്ഡികയിലാണ് ഇതുസംബന്ധിച്ച വ്യവസ്ഥ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതനുസരിച്ച് 13 വയസ്സിൽ താഴെയുള്ള കുട്ടികളെ മുതിർന്നവരുടെ മേൽനോട്ടമില്ലാതെ വാഹനത്തിനുള്ളിൽ ഇരുത്താൻ പാടില്ല. വാഹനത്തിൽ നിന്ന് അൽപ്പസമയത്തേക്ക് പുറത്തുപോകുമ്പോൾ പോലും കുട്ടികളെയും പരിചരണം ആവശ്യമുള്ളവരെയും തനിച്ചാക്കരുതെന്നാണ് നിർദ്ദേശം.

നിയമപരമായ ശേഷിയില്ലാത്തവർ, ഭിന്നശേഷിക്കാർ, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റുള്ളവരുടെ പരിചരണവും മേൽനോട്ടവും ആവശ്യമായവർ എന്നിവർക്കും ഈ നിയന്ത്രണം ബാധകമാണ്. മുതിർന്നവരുടെ സഹായമില്ലാതെ വാഹനത്തിനുള്ളിൽ സുരക്ഷിതമായി കഴിയാൻ സാധിക്കാത്ത രോഗികളും പ്രായമായവരും നിയമത്തിന്റെ പരിധിയിൽ വരുമെന്ന് ആഭ്യന്തര മന്ത്രാലയം സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി.




വളരെ പുതിയ വളരെ പഴയ