ദോഹ: ഖത്തറിന്റെ കിഴക്കൻ തീരക്കടൽ മേഖലകളിൽ ശക്തമായ കാറ്റിനും ഉയർന്ന തിരമാലകൾക്കുമൊപ്പം ഇടിമിന്നലോടു കൂടിയ മഴ അനുഭവപ്പെടുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് (ക്യു.എം.ഡി) മുന്നറിയിപ്പ് നൽകി. പ്രതികൂല കാലാവസ്ഥ നിലനിൽക്കുന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
വ്യാഴാഴ്ച 'എക്സ്' പ്ലാറ്റ്ഫോമിലൂടെ പങ്കുവെച്ച അറിയിപ്പിലാണ് കാലാവസ്ഥാ വകുപ്പ് ഇക്കാര്യം വ്യക്തമാക്കിയത്. ഇടിമിന്നലോടു കൂടിയ മഴയുള്ള സമയങ്ങളിൽ കടലിൽ തിരമാലകൾ ഏഴ് അടി വരെ ഉയരാൻ സാധ്യതയുണ്ട്. കാറ്റിന്റെ വേഗത മണിക്കൂറിൽ 22 നോട്ട്സ് വരെ എത്താനും സാധ്യതയുണ്ടെന്നാണ് ദൈനംദിന പ്രവചനം.
വ്യാഴാഴ്ച രാവിലെ രാജ്യത്തിന്റെ ചില പ്രദേശങ്ങളിൽ നേരിയ മൂടൽമഞ്ഞ് അനുഭവപ്പെടാനും കാഴ്ചാപരിധി കുറയാനും സാധ്യതയുണ്ടെന്ന് വകുപ്പ് നേരത്തെ അറിയിച്ചിരുന്നു. പകൽ സമയത്ത് മിതമായ താപനിലയും ഇടവിട്ട് മേഘാവൃതമായ കാലാവസ്ഥയുമായിരിക്കും അനുഭവപ്പെടുക.
ദോഹയിൽ താപനില 21 ഡിഗ്രി സെൽഷ്യസിനും 28 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കുമെന്നാണ് പ്രവചനം. അബു സംറയിൽ കുറഞ്ഞ താപനില 13 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്തിയേക്കാം. കടലിൽ പോകുന്നവരും തീരപ്രദേശങ്ങളിൽ എത്തുന്നവരും കാലാവസ്ഥാ വകുപ്പിന്റെ ഔദ്യോഗിക മുന്നറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നും നിർദേശമുണ്ട്.
