ദുബായ്: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് രാവിലെ മൂടൽമഞ്ഞ് അനുഭവപ്പെടുന്നതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. അബുദാബി, ദുബായ്, ഷാർജ, റാസൽഖൈമ തുടങ്ങിയ എമിറേറ്റുകളിലാണ് മൂടൽമഞ്ഞ് രൂപപ്പെട്ടിരിക്കുന്നത് എന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ദുബായ്, അബുദാബി, അൽ ഐൻ റോഡുകളിൽ വാഹനമോടിക്കുന്നവർ പ്രത്യേക ശ്രദ്ധ ചെലുത്തണം. രാവിലെ 9 മണി വരെ ചില പ്രദേശങ്ങളിൽ കനത്ത മൂടൽമഞ്ഞ് ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഈ പ്രദേശങ്ങളിൽ ദൂരക്കാഴ്ച കുറവായതിനാൽ എൻസിഎം റെഡ്, യെല്ലോ അലർട്ടുകൾ നൽകിയിട്ടുണ്ട്.
ഇന്ന് ഉച്ചകഴിഞ്ഞ് ചിലയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. രാജ്യത്തിന്റെ ഉൾപ്രദേശങ്ങളിൽ താപനില 43-47 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്. തീരപ്രദേശങ്ങളിലും ദ്വീപുകളിലും 37-43 ഡിഗ്രി സെൽഷ്യസും, മലയോര മേഖലകളിൽ 35-40 ഡിഗ്രി സെൽഷ്യസും ആയിരിക്കും താപനില.
ഇന്ന് രാത്രിയിലും നാളെ രാവിലെയും ചില തീരദേശങ്ങളിലും ഉൾനാടൻ പ്രദേശങ്ങളിലും മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ട്. കാറ്റ് തെക്ക് പടിഞ്ഞാറ് ദിശയിൽ നിന്ന് മണിക്കൂറിൽ 10-25 കിലോമീറ്റർ വേഗതയിൽ വീശും. ചില സമയങ്ങളിൽ പടിഞ്ഞാറ് ദിശയിൽ നിന്ന് ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട്. ഇത് പൊടി ഉയരാൻ കാരണമാകും.
അറേബ്യൻ ഗൾഫിൽ കടൽ പ്രക്ഷുബ്ധമാവാനും ഒമാൻ കടൽ ശാന്തമായിരിക്കാനും സാധ്യതയുണ്ട്.