റിയാദ്: ഉംറ തീർഥാടകർക്ക് വിസ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ സൗദി അറേബ്യ മാറ്റങ്ങൾ വരുത്തി. ഇനി മുതൽ ഉംറ വിസക്ക് അപേക്ഷിക്കുമ്പോൾ തീർഥാടകരുടെ താമസസ്ഥലം സംബന്ധിച്ച രേഖകൾ നിർബന്ധമായും ഹാജരാക്കണം. ഹോട്ടലുകൾ, അപ്പാർട്ട്മെന്റുകൾ തുടങ്ങിയ താമസകേന്ദ്രങ്ങളുമായി കരാറിലേർപ്പെട്ടിട്ടുള്ള ഉംറ സർവീസ് കമ്പനികൾ തങ്ങളുടെ കരാർ രേഖകൾ വിസ അപേക്ഷയോടൊപ്പം സമർപ്പിക്കണം.
ഹജ്ജ് ഉംറ മന്ത്രാലയം പുറത്തിറക്കിയ പുതിയ നിർദേശമനുസരിച്ച്, മന്ത്രാലയത്തിന്റെ ‘നുസുക് മസാർ’ (Nusuk Masar) എന്ന ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ ഈ കരാറുകൾ അപ്ലോഡ് ചെയ്യണം. ഉംറ കമ്പനികളോടും വിദേശ സർവീസ് ഏജന്റുമാരോടുമാണ് മന്ത്രാലയം ഈ നിർദേശം നൽകിയിരിക്കുന്നത്. ഉംറ തീർഥാടകർക്ക് മികച്ച സൗകര്യങ്ങളും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടി.
saudi-mandates-accommodation-umrah-visa