അമേരിക്കയുടെ ബങ്കര്‍ ബസ്റ്റര്‍ ബോംബിന് പോലും നശിപ്പിക്കാന്‍ കഴിയാത്ത ആഴത്തിലുള്ള ഒരു ആണവ കേന്ദ്രം ഇറാന്‍ നിര്‍മ്മിക്കുന്നു.
അമേരിക്കന്‍ ബി-2 സ്റ്റെല്‍ത്ത് ജെറ്റുകള്‍ ഇറാന്റെ മൂന്ന് പ്രധാന ആണവ കേന്ദ്രങ്ങളായ ഫോര്‍ഡോ, നതാന്‍സ്, ഇസ്ഫഹാന്‍ എന്നിവിടങ്ങളില്‍ 30,000 പൗണ്ട് ബങ്കര്‍ ബസ്റ്റിംഗ് ബോംബുകള്‍ വര്‍ഷിച്ചതിന് ശേഷമാണ് പുതിയ സ്ഥലം ശ്രദ്ധയില്‍പ്പെടുന്നത്.
ആക്രമണം ഇറാന്റെ ആണവ പദ്ധതിയെ പൂര്‍ണ്ണമായും ‘തകര്‍ത്തു കളഞ്ഞു’ എന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അവകാശപ്പെടുമ്പോള്‍, 400 കിലോ സമ്പുഷ്ടീകരിച്ച യുറേനിയം അതീവ സുരക്ഷാ കേന്ദ്രത്തിലേയ്ക്ക് ഇറാന്‍ മാറ്റിയിരുന്നു.
ഇക്കാര്യം ആണവ വിദഗ്ധരും സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാന് ആണവ വസ്തുക്കള്‍ ഒളിപ്പിക്കാന്‍ പറ്റിയ സ്ഥലമാണ് കൂഹ്-ഇ കൊളാങ് ഗാസ് ലാ അഥവാ ‘പിക്കാക്‌സ് പര്‍വ്വതം’ എന്ന് അവര്‍ പറയുന്നു.
പിക്കാക്‌സ് പര്‍വ്വതം – ഇറാന്റെ പുതിയ ആണവ കേന്ദ്രം
ഫോര്‍ഡോവില്‍ നിന്ന് ഏകദേശം 145 കിലോ മീറ്റര്‍ തെക്കും മധ്യ ഇസ്ഫഹാന്‍ പ്രവിശ്യയിലെ നതാന്‍സ് ആണവ കേന്ദ്രത്തില്‍ നിന്ന് ഏതാനും മിനിറ്റുകള്‍ മാത്രം അകലെയുമുള്ള പിക്കാക്‌സ് പര്‍വ്വതത്തിലേക്ക് ഇറാന്‍ ആഴത്തില്‍ നിര്‍മ്മാണം നടത്തുന്നുണ്ടെന്നാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന റിപ്പോര്‍ട്ട്. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഇറാന്‍ രഹസ്യമായി സൈറ്റ് വികസിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്ന് ദി ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു.
2023-ല്‍, പ്ലാനറ്റ് ലാബ്‌സ് പിബിസിയില്‍ നിന്നുള്ള ഫോട്ടോകളും വീഡിയോകളും വിശകലനം ചെയ്ത ശേഷം, ഇറാന്‍ കുഹ്-ഇ കൊളാങ് ഗാസ് ലായിലേക്ക് തുരങ്കങ്ങള്‍ കുഴിക്കുകയാണെന്ന് അസോസിയേറ്റഡ് പ്രസ്സ് (എപി) റിപ്പോര്‍ട്ട് ചെയ്തു.
Pickaxe Nuclear reactor
നതാന്‍സിന് ചുറ്റുമുള്ള പര്‍വ്വതനിരകളിലെ ഒരു കൊടുമുടിയായ പിക്കാക്സിന് 5,000 അടിയിലധികം ഉയരമുണ്ട്. ഇറാന്‍ പര്‍വതനിരയിലേക്ക് നാല് പ്രവേശന കവാടങ്ങള്‍ കുഴിച്ചിട്ടുണ്ട്. അതില്‍ രണ്ട് എണ്ണം കിഴക്ക് ഭാഗത്തും രണ്ട് എണ്ണം പടിഞ്ഞാറ് ഭാഗത്തുമാണ്. ഓരോ തുരങ്ക പ്രവേശന കവാടത്തിനും ആറ് മീറ്റര്‍ വീതിയും എട്ട് മീറ്റര്‍ ഉയരവുമുണ്ടെന്ന് എ.പി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇറാന്റെ ആണവ സമ്പുഷ്ടീകരണ പദ്ധതിയുടെ ഏറ്റവും പ്രധാന ആണവ നിലയമായ ഫോര്‍ഡോയ്ക്ക് രണ്ട് തുരങ്ക പ്രവേശന കവാടങ്ങള്‍ മാത്രമേയുള്ളൂ. ഫോര്‍ഡോ ഭൂമിക്കടിയില്‍ 60-90 മീറ്റര്‍ ആഴത്തിലാണ് സ്ഥിതി ചെയ്യുന്നത്.
എന്നാല്‍ പിക്കാക്‌സ് പര്‍വ്വതത്തിന് താഴെയുള്ള ഇറാന്റെ പുതിയ ആണവനിലയം 100 മീറ്റര്‍ താഴ്ചയിലാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇത് ഭൂഗര്‍ഭ സൗകര്യങ്ങള്‍ ലക്ഷ്യമിട്ട് വികസിപ്പിച്ചെടുത്ത അമേരിക്കയുടെ ബങ്കര്‍ ബസ്റ്റര്‍ ബോംബിന്റെ ഫലപ്രാപ്തി കുറയ്ക്കും.
Nuclear Reacor
2009-ല്‍ ഇറാന്‍ രഹസ്യമായി നിര്‍മ്മിച്ച ഫോര്‍ഡോ ആണവ കേന്ദ്രത്തെ കുറിച്ചുള്ള വിവരങ്ങള്‍ പാശ്ചാത്യ രാജ്യങ്ങളിലെ വിവിധ ഇന്റലിജന്‍സ് ഗ്രൂപ്പുകള്‍ പുറംലോകത്തെത്തിച്ചതോടെ, 60 മീറ്റര്‍ (200 അടി) ഭൂമിയിലേക്ക് തുളച്ചു കയറാന്‍ കഴിയുന്ന ജിബിയു-57 ബോംബ് അമേരിക്ക നിര്‍മ്മിച്ചു. അതിനാല്‍ ഇറാന്‍ പുതിയതായി നിര്‍മ്മിക്കുന്ന ആണവ നിലയത്തിന്റെ ആഴം സംബന്ധിച്ച് അമേരിക്കയ്ക്ക് പോലും ഒരു ആശങ്കയാണ്.
ഒരു സാധാരണ ബങ്കര്‍ ബസ്റ്റര്‍ ബോംബ് പോലുള്ള പരമ്പരാഗത ആയുധങ്ങള്‍ ഉപയോഗിച്ച് ഇത് നശിപ്പിക്കുന്നത് വളരെ ബുദ്ധിമുട്ടായിരിക്കുമെന്ന് ജെയിംസ് മാര്‍ട്ടിന്‍ സെന്റര്‍ ഫോര്‍ നോണ്‍പ്രൊലിഫറേഷന്‍ സ്റ്റഡീസിലെ ഗവേഷണ അസോസിയേറ്റായ സ്റ്റീവന്‍ ഡി ലാ ഫ്യൂണ്ടെ അസോസിയേറ്റഡ് പ്രസിനോട് പറഞ്ഞു.
പിക്കാക്‌സ് പര്‍വ്വതത്തിലെ പദ്ധതിയുടെ വലിപ്പം കണക്കിലെടുക്കുമ്പോള്‍, ഇറാന് ഈ സൗകര്യം സെന്‍ട്രിഫ്യൂജുകള്‍ നിര്‍മ്മിക്കാന്‍ മാത്രമല്ല, യുറേനിയം സമ്പുഷ്ടമാക്കാനും ഉപയോഗിക്കാമെന്ന് വിദഗ്ദ്ധര്‍ ആശങ്കപ്പെടുന്നു.
Ayatollah Ali Khamenei
ഇറാന്‍ ആണവ വസ്തുക്കള്‍ പിക്കാക്‌സ് പര്‍വ്വതത്തിലേക്ക് മാറ്റിയോ?
അമേരിക്കന്‍ ആക്രമണങ്ങള്‍ ഇറാന്റെ ആണവ കേന്ദ്രങ്ങളെ ‘നശിപ്പിച്ചു’ എന്ന ട്രംപിന്റെ അവകാശവാദം ഉണ്ടായിരുന്നിട്ടും, തെളിവുകള്‍ മറിച്ചാണ് സൂചിപ്പിക്കുന്നത്. അമേരിക്കയുടെ ആക്രമണം ഇറാന് ആണവ പദ്ധതി മുന്നോട്ടു കൊണ്ടു പോകുന്നതിന് കുറച്ചു കാലതാമസം പിടിക്കുമെന്ന് ട്രംപ് ആവര്‍ത്തിച്ച് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നേരെ തിരിച്ചാണ് കാര്യങ്ങള്‍. യഥാര്‍ത്ഥത്തില്‍ 400 കിലോ സമ്പുഷ്ടീകരിച്ച യുറേനിയം ഇപ്പോഴും ഇറാന്റെ കൈവശം സുരക്ഷിതമായി തന്നെയുണ്ട്. അമേരിക്ക ആക്രമണം നടത്തുന്നതിന് മുമ്പുള്ള ഉപഗ്രഹ ചിത്രങ്ങളില്‍ ഫോര്‍ഡോ ആണവ നിലയത്തിന് പുറത്ത് 16 ട്രക്കുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അമേരിക്ക ആക്രമണം നടത്തിയതിന് ശേഷമുള്ള ഉപഗ്രഹ ചിത്രങ്ങളില്‍ 16 ട്രക്കുകളെ കാണാനില്ലായിരുന്നു. ഇതിനര്‍ത്ഥം സമ്പുഷ്ടീകരിച്ച യുറേനിയം ഇറാന്‍ രഹസ്യ സങ്കേതത്തിലേയ്ക്ക് മാറ്റിയെന്നാണ്. ഇറാൻ്റെ കൈവശമുള്ള യുറേനിയത്തിൻ്റെ ഒരുഭാഗം ഇറാനിലെ റഷ്യൻ ആണവ നിലയത്തിലേക്കും ബാക്കി പിക്കാക്സിലേക്കും മാറ്റിയിട്ടുണ്ടാകാമെന്നാണ്, അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികള്‍ സംശയിക്കുന്നത്.
ഏപ്രിലില്‍, പിക്കാക്‌സ് പര്‍വ്വതത്തിനടിയില്‍ എന്താണ് സംഭവിക്കുന്നതെന്ന് ഇറാനോട് ചോദിച്ചപ്പോള്‍, സ്വന്തം കാര്യം നോക്കാന്‍ തന്നോട് പറഞ്ഞതായി അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി (ഐഎഇഎ) മേധാവി റാഫേല്‍ ഗ്രോസി പറയുന്നു.
ഭൂമിക്കടിയിലെ തുരങ്കങ്ങളില്‍ ആണവായുധങ്ങള്‍ നിര്‍മ്മിക്കാനുള്ള രാസപ്രവര്‍ത്തനങ്ങള്‍ നടക്കാന്‍ സാധ്യതയുണ്ടെന്ന് ഗ്രോസി പറഞ്ഞു.
പിക്കാക്‌സ് പ്ലാന്റില്‍ ഇറാന്‍ സമ്പുഷ്ടീകരിച്ച യുറേനിയം ഉല്‍പാദനം വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അമേരിക്കയും ഇസ്രയേലും ആക്രമിച്ച മറ്റ് ആണവ നിലയങ്ങളെ അപേക്ഷിച്ച് ഈ പുതിയ ഭൂഗര്‍ഭ തുരങ്കം കൂടുതല്‍ സുരക്ഷിതമായിരിക്കുമെന്ന് ദി സണ്‍ റിപ്പോര്‍ട്ട് ചെയ്തതായി വിദഗ്ധര്‍ പറഞ്ഞു.
‘പിക്കാക്‌സിലേക്കോ മറ്റേതെങ്കിലും അജ്ഞാത സൗകര്യത്തിലേക്കോ ഇറാന്‍ സമ്പുഷ്ടീകരിച്ച യുറേനിയം കടത്തിയിട്ടുണ്ടാകാമെന്ന് ഫൗണ്ടേഷന്‍ ഫോര്‍ ഡിഫന്‍സ് ഓഫ് ഡെമോക്രസീസിലെ ബെന്‍ തലേബ്ലു ഫിനാന്‍ഷ്യല്‍ ടൈംസിനോട് പറഞ്ഞു.
പിക്കാക്‌സ് പര്‍വതത്തിലെ പുതിയ തുരങ്ക സമുച്ചയത്തില്‍ ഇറാന് ‘രഹസ്യമായി ആയിരക്കണക്കിന് നൂതന സെന്‍ട്രിഫ്യൂജുകള്‍ വിന്യസിക്കാന്‍’ കഴിയുമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സയന്‍സ് ആന്‍ഡ് ഇന്റര്‍നാഷണല്‍ സെക്യൂരിറ്റി അഭിപ്രായപ്പെടുന്നു.
മറ്റ് ആണവ നിലയങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടാലും ഇറാന് അതിന്റെ സമ്പുഷ്ടീകരണ പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ ഇത് അനുവദിക്കും. ചുരുക്കത്തില്‍ അമേരിക്കയുടെയും ഇസ്രയേലിന്റെയും ആക്രമണം ഇറാനെ ഒരു തരത്തിലും ബാധിച്ചിട്ടില്ല.