റിയാദ്: സൗദിയിൽ പള്ളിയിൽ വെച്ച് വയോധികനെ കുത്തികൊല്ലാൻ ശ്രമം. സംഭവത്തിൽ പ്രവാസി യുവാവിനെ അറസ്റ്റ് ചെയ്തു.
റിയാദിലെ മൻഫൂഹ ഡിസ്ട്രിക്ടിലെ ഒരു മസ്‌ജിദിൽ വെച്ചാണ് പ്രാർത്ഥനക്കെത്തിയ വയോധികനെ കുത്തിക്കൊല്ലാൻ ശ്രമിച്ചത്. എന്നാൽ, എന്താണ് സംഭവത്തിന് പിന്നിലുള്ള ലക്ഷ്യമെന്ന് വ്യക്തമല്ല.
പളളിയുടെ വാതിൽ തുറന്ന് പുറത്തിറങ്ങാൻ ശ്രമിച്ച വയോധികന് നേരെ ഇയാൾ കത്തിയുമായെത്തി കുത്താൻ ശ്രമിക്കുകയായിരുന്നു.
പള്ളിയുടെ വാതിലിൽ വെച്ച് തടയാൻ ശ്രമിച്ച വയോധികനുമായുള്ള പിടിവലിയിൽ ആക്രമി ആദ്യം ചുവട് പിഴച്ച് പുറത്തേക്ക് വന്നെങ്കിലും വീണ്ടും ആക്രമിക്കാനായി മുതിർന്നു. ഇതിനിടെ മറ്റുള്ളവർ എത്തി വയോധികനെ രക്ഷപ്പെടുത്തുകയായിരുന്നു. പ്രതിയായ പ്രവാസി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചു. ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച ആളെയും അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് റിയാദ് പോലീസ് അറിയിച്ചു. സൈബർ ക്രൈം വിരുദ്ധ നിയമം ലംഘിച്ചതിനാണ് ഇയാൾക്കെതിരെ നടപടി എടുക്കുന്നത്.