യുഎഇയില്‍ 52 രാജ്യക്കാര്‍ക്ക് ഇനി വണ്ടിയോടിക്കല്‍ ഈസി; സ്വന്തം രാജ്യത്തെ ലൈസന്‍സുകള്‍ മതി; ഇന്ത്യ, ഗള്‍ഫ് രാജ്യങ്ങള്‍ പട്ടികയിലില്ല

 


ദുബൈ : ദുബൈയിലോ അബൂദബിയിലോ ഷാര്‍ജയിലോ റാസല്‍ഖൈമയിലോ മറ്റേതെങ്കിലും യുഎഇ നഗരങ്ങളിലോ സന്ദര്‍ശകരായി എത്തുന്നവര്‍ക്ക് ഇനി ഡ്രൈവിംഗ് ഈസി. സ്വന്തം രാജ്യത്തെ ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിച്ച് വാഹനമോടിക്കാനുള്ള അനുമതി നല്‍കുകയാണ് യുഎഇ അധികൃതര്‍. ലോകത്തെ 52 രാജ്യക്കാര്‍ക്ക് തിയറി, പ്രാക്ടിക്കല്‍ ടെസ്റ്റുകള്‍ ഇല്ലാതെ തന്നെ യു.എ.ഇ സന്ദര്‍ശന വേളയില്‍ അവരുടെ സ്വന്തം നാട്ടിലെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ ഉപയോഗിച്ച് യു.എ.ഇയില്‍ വാഹനമോടിക്കാന്‍ അനുവാദമുണ്ടെന്ന് യു.എ.ഇ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. അതേസമയം ഇന്ത്യയും മറ്റ് ഗള്‍ഫ് രാജ്യങ്ങളും പട്ടികയിലില്ല.

യു.എ.ഇ സന്ദര്‍ശിക്കുമ്പോള്‍ സ്വന്തം രാജ്യത്തെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ ഉപയോഗിക്കാനോ യു.എ.ഇയില്‍ ഇഖാമ നേടി താമസിക്കുമ്പോള്‍ തങ്ങളുടെ ലൈസന്‍സുകള്‍ യു.എ.ഇ ലൈസന്‍സായി എക്സ്ചേഞ്ച് ചെയ്യാനോ അനുവാദമുണ്ട്. 52 രാജ്യക്കാരാണ് പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. എസ്റ്റോണിയ, അല്‍ബേനിയ, പോര്‍ച്ചുഗല്‍, ചൈന, ഹംഗറി, ഗ്രീസ്, ഉക്രെയ്ന്‍, ബള്‍ഗേറിയ, സ്ലൊവാക്യ, സ്ലൊവേനിയ, സെര്‍ബിയ, സൈപ്രസ്, ലാത്വിയ, ലക്സംബര്‍ഗ്, ലിത്വാനിയ, മാള്‍ട്ട, ഐസ്ലാന്‍ഡ്, മോണ്ടിനെഗ്രോ, ഇസ്രായില്‍, അസര്‍ബൈജാന്‍, ബെലാറസ്, ഉസ്‌ബെക്കിസ്ഥാന്‍, അമേരിക്ക, ഫ്രാന്‍സ്, ജപ്പാന്‍, ബെല്‍ജിയം, സ്വിറ്റ്‌സര്‍ലന്‍ഡ്, ജര്‍മനി, ഇറ്റലി, സ്വീഡന്‍, അയര്‍ലന്‍ഡ്, സ്പെയിന്‍, നോര്‍വേ, ന്യൂസിലാന്‍ഡ്, റൊമാനിയ, സിംഗപ്പൂര്‍, ഹോങ്കോംഗ്, നെതര്‍ലാന്‍ഡ്‌സ്, ഡെന്‍മാര്‍ക്ക്, ഓസ്ട്രിയ, ഫിന്‍ലാന്‍ഡ്, യുണൈറ്റഡ് കിംഗ്ഡം (ബ്രിട്ടന്‍), തുര്‍ക്കി, കാനഡ, പോളണ്ട്, ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, ക്രൊയേഷ്യ, റിപ്പബ്ലിക് ഓഫ് നോര്‍ത്ത് മാസിഡോണിയ, കൊസോവോ റിപ്പബ്ലിക്, കിര്‍ഗിസ് റിപ്പബ്ലിക്, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് യു.എ.ഇ സന്ദര്‍ശിക്കുമ്പോള്‍ സ്വന്തം രാജ്യത്തെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ ഉപയോഗിച്ച് രാജ്യത്ത് വാഹനമോടിക്കാവുന്നതാണ്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ യു.എ.ഇയില്‍ ഇഖാമ നേടി താമസിക്കുമ്പോള്‍ മാത്രമേ ഈ രാജ്യക്കാര്‍ തങ്ങളുടെ രാജ്യങ്ങള്‍ നല്‍കുന്ന ഡ്രൈവിംഗ് ലൈസന്‍സുകള്‍ മാറ്റി യു.എ.ഇ ലൈസന്‍സ് നേടേണ്ടതുള്ളൂ.

ഈ രാജ്യക്കാര്‍ക്ക് സ്വന്തം രാജ്യത്തെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ യു.എ.ഇ ഡ്രൈവിംഗ് ലൈസന്‍സായി എക്സ്ചേഞ്ച് ചെയ്യാന്‍ ആറ് വ്യവസ്ഥകള്‍ ബാധകമാണ്. ലൈസന്‍സ് അനുവദിച്ചത് എക്സ്ചേഞ്ചിന് യോഗ്യതയുള്ള രാജ്യമായിരിക്കണം. ഡ്രൈവിംഗിനുള്ള നിയമപരമായ പ്രായപരിധി അപേക്ഷകന്‍ പാലിക്കണം. ലൈസന്‍സ് സാധുവായിരിക്കണം. അപേക്ഷകന് ബന്ധപ്പെട്ട എമിറേറ്റ് നല്‍കുന്ന റെസിഡന്‍സി (ഇഖാമ) വിസ ഉണ്ടായിരിക്കണം, അല്ലെങ്കില്‍ ആ എമിറേറ്റിലെ സ്ഥിരീകരിച്ച റെസിഡന്‍ഷ്യല്‍, ജോലി, പഠന വിലാസം ഉണ്ടായിരിക്കണം. അപേക്ഷകന്‍ നേത്ര പരിശോധനയില്‍ വിജയിക്കണം. ധാരണാപത്രങ്ങളുടെ അടിസ്ഥാനത്തില്‍ ചില രാജ്യക്കാര്‍ യഥാര്‍ഥ ലൈസന്‍സ് കൈമാറണം എന്നിവയാണ് സ്വന്തം രാജ്യത്തെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ യു.എ.ഇ ഡ്രൈവിംഗ് ലൈസന്‍സായി എക്സ്ചേഞ്ച് ചെയ്യാനുള്ള വ്യവസ്ഥകള്‍.

യഥാര്‍ഥ വിദേശ ഡ്രൈവിംഗ് ലൈസന്‍സിന്റെ നിയമപരമായ വിവര്‍ത്തനവും യഥാര്‍ഥ ലൈസന്‍സിന്റെ പകര്‍പ്പും ലൈസന്‍സ് കൈമാറ്റത്തിന് സമര്‍പ്പിക്കണം. എക്സ്ചേഞ്ച് ഫീസ് 600 ദിര്‍ഹം ആണ്. ആഭ്യന്തര മന്ത്രാലയത്തിന്റെ മുറൂര്‍ഖൗസ് സംരംഭത്തിന് കീഴില്‍ അതിന്റെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വഴി ലൈസന്‍സ് എക്സ്ചേഞ്ച് സേവനം ലഭിക്കും. വിസിറ്റ് വിസക്കാര്‍ക്ക് അവരുടെ സ്വന്തം രാജ്യത്തെ ലൈസന്‍സുകള്‍ ഉപയോഗിച്ച് യു.എ.ഇയില്‍ വാഹനമോടിക്കാനും ഇഖാമ നേടിയ ശേഷം യു.എ.ഇ ലൈസന്‍സുകളായി എക്സ്ചേഞ്ച് ചെയ്യാനും സാധിക്കും. സ്മാര്‍ട്ട് സര്‍വീസസ് പ്ലാറ്റ്‌ഫോമില്‍ ലോഗിന്‍ ചെയ്ത് ആവശ്യമായ വിവരങ്ങള്‍ സമര്‍പ്പിച്ച് ഇലക്ട്രോണിക്, കൊറിയര്‍ വഴി ലൈസന്‍സ് സ്വീകരിച്ച് ലൈസന്‍സ് എക്സ്ചേഞ്ച് പ്രക്രിയ പൂര്‍ത്തിയാക്കാവുന്നതാണ്.

വിദേശ ഡ്രൈവിംഗ് ലൈസന്‍സ് സാധുതയുള്ളതായിരിക്കണമെന്നും യു.എ.ഇയിലേക്കുള്ള പ്രവേശനം നോണ്‍-റെസിഡന്‍സി ആവശ്യങ്ങള്‍ക്കായിരിക്കണമെന്നുമുള്ള വ്യവസ്ഥകള്‍ വിദേശ ലൈസന്‍സ് ഉപയോഗിച്ച് യു.എ.ഇയില്‍ വാഹനമോടിക്കാന്‍ പാലിക്കേണ്ടതുണ്ട്. ലൈസന്‍സ് എക്സ്ചേഞ്ചിനും വ്യവസ്ഥകള്‍ ബാധകമാണ്. എക്സ്ചേഞ്ചിന് അര്‍ഹമായ ഒരു രാജ്യത്ത് നിന്നുള്ളതായിരിക്കണം ലൈസന്‍സ്. അപേക്ഷകന് സാധുവായ യു.എ.ഇ ഇഖാമ ഉണ്ടായിരിക്കണം. വിദേശ ലൈസന്‍സ് സാധുതയുള്ളതായിരിക്കണം. യു.എ.ഇ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് അപേക്ഷകന്‍ നിയമപരമായ ഡ്രൈവിംഗ് പ്രായം പാലിക്കണം. അപേക്ഷകന്‍ ആവശ്യമായ മെഡിക്കല്‍ പരിശോധനയില്‍ വിജയിക്കണം. എക്സ്ചേഞ്ചുമായി ബന്ധപ്പെട്ട മറ്റ് നടപടിക്രമ വ്യവസ്ഥകളും അപേക്ഷകന്‍ പാലിക്കണം. അടുത്തിടെ പ്രാബല്യത്തില്‍ വന്ന പുതിയ ഫെഡറല്‍ ട്രാഫിക്, റോഡ് നിയമം യു.എ.ഇ ഡ്രൈവിംഗ് ലൈസന്‍സ് നേടുന്നതില്‍ നിന്ന് ചില വിഭാഗങ്ങളെ ഒഴിവാക്കുന്നുണ്ട്. നിയമപ്രകാരം യു.എ.ഇയില്‍ രജിസ്ട്രേഷന്‍, ലൈസന്‍സിംഗ് വ്യവസ്ഥകളില്‍ നിന്ന് ഒഴിവാക്കപ്പെട്ട, വിദേശ രാജ്യങ്ങളില്‍ രജിസ്റ്റര്‍ ചെയ്തതും ലൈസന്‍സുള്ളതുമായ വാഹനങ്ങളുടെ ഡ്രൈവര്‍മാരുടെ പക്കല്‍ ആ രാജ്യങ്ങളിലെ ബന്ധപ്പെട്ട വകുപ്പുകള്‍ നല്‍കുന്ന സാധുവായ ഡ്രൈവിംഗ് ലൈസന്‍സുകള്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് അത്തരം ലൈസന്‍സുകള്‍ ഉപയോഗിച്ച് യു.എ.ഇയില്‍ വാഹനമോടിക്കാവുന്നതാണ്. സാധുവായ അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസന്‍സുള്ളവര്‍ക്ക് ട്രാന്‍സിറ്റ്, സന്ദര്‍ശന ആവശ്യങ്ങള്‍ക്കായി യു.എ.ഇയില്‍ താമസിക്കുന്ന സമയത്ത് വാഹനമോടിക്കാവുന്നതാണ്. സാധുവായ അന്താരാഷ്ട്ര ലൈസന്‍സുള്ളവര്‍ക്കും താല്‍ക്കാലിക വിദേശ ഡ്രൈവിംഗ് പെര്‍മിറ്റുള്ളവര്‍ക്കും യു.എ.ഇയില്‍ വാഹനമോടിക്കാന്‍ അനുമതിയുണ്ട്. നിയമത്തില്‍ വിവരിച്ചിരിക്കുന്ന ചട്ടങ്ങള്‍ക്കും അതിന്റെ എക്സിക്യൂട്ടീവ് ചട്ടങ്ങള്‍ക്കും അനുസൃതമായി ഇഖാമയില്ലാതെ യു.എ.ഇയില്‍ താമസിക്കാന്‍ അനുവദിച്ചിരിക്കുന്ന വ്യക്തികള്‍ക്കും യു.എ.ഇ ഡ്രൈവിംഗ് ലൈസന്‍സില്ലാതെ രാജ്യത്ത് വാഹനമോടിക്കാവുന്നതാണ്.

വളരെ പുതിയ വളരെ പഴയ