ദുബായ്: ദുബായില്‍ രണ്ട് താമസ മേഖലകള്‍ കൂടി വികസിപ്പിക്കുന്നു. മദീനത്ത് ലത്തീഫ, അല്‍ യലായിസ് എന്നിവിടങ്ങളിലാണ് വിപുല സൗകര്യങ്ങളോടെ താമസ കേന്ദ്രങ്ങള്‍ നിർമിക്കുക.
ഇതു സംബന്ധിച്ച പദ്ധതിക്ക് കിരീടാവകാശി ശൈഖ് ഹംദാൻ അംഗീകാരം നല്‍കി.
3000 ഹെക്ടർ സ്ഥലത്താണ് മദീനത്ത് ലത്തീഫ എന്ന താമസ കേന്ദ്രം നിർമിക്കുക. ഇവിടെ 1,41,000 പേർക്ക് താമസിക്കാൻ കഴിയുന്ന 18,500 റെസിഡൻഷ്യല്‍ യൂനിറ്റുകളാണ് നിർമിക്കാൻ ലക്ഷ്യമിടുന്നത്. ഇവിടെ 77 പാർക്കുകളും പദ്ധതിയുടെ ഭാഗമായി നിർമിക്കാൻ പദ്ധതി ലക്ഷ്യമിടുന്നു.
അല്‍ യലായിസില്‍ 1,108 ഹെക്ടറിലാണ് താമസ മേഖല വികസിപ്പിക്കുക. 8,000 റസിഡൻഷ്യല്‍ യൂനിറ്റുകളിലായി 66,000 പേർക്ക് ഇവിടെ താമസിക്കാനാകും. 75 പാർക്കുകളും ഇവിടെ നിർമിക്കും.
രണ്ടിടത്തുമായി 33 കിലോ മീറ്റർ നീളത്തില്‍ കാല്‍നടപാത, സൈക്ലിങ് പാത എന്നിവ നിർമിക്കും. മദീനത്ത് ലത്തീഫ മേഖലയില്‍ ഏകദേശം 11 ശതമാനം പ്രദേശം ഹരിത ഇടങ്ങള്‍ക്കും തുറസ്സായ സ്ഥലങ്ങള്‍ക്കുമായി നീക്കിവെക്കും. 12 കിലോമീറ്റർ നീളത്തിലാണ് ഇവിടെ സൈക്ലിങ് പാത നിർമിക്കുക.
77പാർക്കുകളിലേക്കും പ്രവേശനം സാധ്യമാകുന്ന രീതിയിലായിരിക്കും ഇതിന്റെ രൂപകല്‍പന. കൂടാതെ സ്‌കൂളുകള്‍, നഴ്‌സറികള്‍, പള്ളികള്‍, ക്ലിനിക്കുകള്‍, വാണിജ്യ കേന്ദ്രങ്ങള്‍ തുടങ്ങിയ സമഗ്ര സൗകര്യങ്ങളും ഒരുക്കും.
