കുവൈത്ത് പൗരത്വ തട്ടിപ്പ്: 48 വർഷം മുമ്പുള്ള കേസ് തെളിഞ്ഞു; ഒരുകുടുംബത്തിലെ 63 പേരുടെ പൗരത്വം നഷ്ടമാകും


 കുവൈത്ത് സിറ്റി: വ്യാജ രേഖകൾ ഉപയോഗിച്ച് കുവൈത്ത് പൗരത്വം നേടിയ കേസുകൾ സംബന്ധിച്ചുള്ള അന്വേഷണങ്ങൾക്കിടെ, 48 വർഷം മുമ്പ് നടന്ന ഞെട്ടിക്കുന്ന തട്ടിപ്പ് കുവൈത്ത് അധികൃതർ കണ്ടെത്തി. 1977-ൽ 'ഡിസ്റ്റിംഗ്വിഷ്ഡ് സർവീസ്' വിഭാഗത്തിലൂടെ പൗരത്വം നേടിയ ഒരു സിറിയൻ പൗരനാണ് തട്ടിപ്പിന് പിന്നിൽ.

സിറിയൻ പൗരത്വം മറച്ചുവെച്ച്, താൻ ബെദൂയിൻ (ഗോത്രവർഗ്ഗം) ആണെന്ന് അവകാശപ്പെട്ടാണ് ഇയാൾ പൗരത്വം നേടിയത്. ഇയാൾ തന്റെ മക്കളെ സാധാരണ രീതിയിൽ ഫയലിൽ രജിസ്റ്റർ ചെയ്തതിനു പുറമെ, നിയമവിരുദ്ധമായി പൗരത്വം നേടുന്നതിനായി സ്വന്തം സഹോദരിയെ മകളായി രേഖകളിൽ ഉൾപ്പെടുത്തുകയും ചെയ്തു.

പൗരത്വ വകുപ്പിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന്, ഇയാളുടെ കുവൈത്തിലെ മറ്റ് രണ്ട് സിറിയൻ സഹോദരിമാരെയും, ഇയാളുടെ മകൾ എന്ന നിലയിൽ രജിസ്റ്റർ ചെയ്ത സ്ത്രീയെയും അധികൃതർ പിടികൂടി ഡി.എൻ.എ പരിശോധനയ്ക്ക് വിധേയരാക്കി. മൂന്നുപേരും സഹോദരിമാരാണെന്ന് പരിശോധനയിൽ സ്ഥിരീകരിച്ചു. ഇതോടെ, രേഖയിൽ മകളായി കാണിച്ചിരുന്ന സ്ത്രീ യഥാർത്ഥത്തിൽ പൗരത്വം നേടിയ വ്യക്തിയുടെ സഹോദരിയാണെന്ന് തെളിഞ്ഞു.

തുടർന്ന്, പൗരത്വം നേടിയ സിറിയക്കാരന്റെ മക്കളുടെ ഡി.എൻ.എയും പരിശോധിച്ചു. ഈ പരിശോധനയിൽ, രേഖയിൽ മകളായി രജിസ്റ്റർ ചെയ്ത സ്ത്രീയുമായി ഇദ്ദേഹത്തിന്റെ യഥാർത്ഥ മക്കൾക്ക് ജനിതക ബന്ധമില്ലെന്നും സ്ഥിരീകരിച്ചു.

പൗരത്വം ലഭിക്കുമ്പോൾ ഇദ്ദേഹം തന്റെ സിറിയൻ പൗരത്വം മറച്ചുവെച്ചതായും അന്വേഷണങ്ങൾ വെളിപ്പെടുത്തി. ഇത് ഇദ്ദേഹത്തിന്റെ മുഴുവൻ പൗരത്വ രേഖയിലും സംശയം ജനിപ്പിക്കുന്നു.

നിയമപരമായ നടപടികൾ പ്രകാരം, തെറ്റായ വിവരങ്ങൾ ഉപയോഗിച്ച് പൗരത്വം നേടിയ സിറിയൻ പൗരന്റെ പൗരത്വം റദ്ദാക്കാൻ സാധ്യതയുണ്ട്. ഇയാളുടെ പൗരത്വം റദ്ദാക്കപ്പെട്ടാൽ, ഭാര്യയും മക്കളും പേരമക്കളുമടക്കം ഇദ്ദേഹത്തെ ആശ്രയിച്ച് പൗരത്വം നേടിയ 63 പേരുടെയും കുവൈത്ത് പൗരത്വം നഷ്ടമാകുന്ന ഗുരുതരമായ സാഹചര്യമാണ് നിലവിലുള്ളത്.



വളരെ പുതിയ വളരെ പഴയ