കുവൈത്ത് സിറ്റി: കുവൈത്തിലെ അഹമ്മദി ഗവർണറേറ്റില്‍ പ്രവർത്തിക്കുന്ന സ്കൂളിലെ പ്രവാസി അധ്യാപികയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കുറ്റത്തിന് സ്കൂള്‍ ഗാർഡിന് വധശിക്ഷ വിധിച്ചു.
ഈജിപ്ഷ്യൻ വനിതാ അധ്യാപികയെ ആണ് തട്ടിക്കൊണ്ടു പോയി ഒരു സ്കൂളിലെ ആർട്ട് റൂമിനുള്ളില്‍ നിയമ വിരുദ്ധമായി തടങ്കലില്‍ വെച്ചത്. ശേഷം ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു.
ഈജിപ്ഷ്യൻ വംശജനായ സ്കൂള്‍ ഗാർഡിനാണ് വധശിക്ഷ വിധിച്ചിരിക്കുന്നത്. ഇയാള്‍ അധ്യാപികയെ ബലമായി തടഞ്ഞു നിർത്തി സ്കൂള്‍ പരിസരത്തുള്ള ആർട്ട് സ്റ്റുഡിയോയിലേക്ക് കൊണ്ടു പോകുകയായിരുന്നു.
നിലവിളിക്കുന്നത് തടയാൻ അവരുടെ വായ ടേപ്പ് കൊണ്ട് മൂടുകയും കത്തി കാണിച്ച് ഭീഷിണിപ്പെടുത്തുകയുമായിരുന്നു.
ശക്തമായ തെളിവുകളുടെയും മെഡിക്കല്‍ റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തില്‍ ക്രിമിനല്‍ കോടതിയും അപ്പീല്‍ കോടതിയും മുൻപ് ഇയാളെ തൂക്കിലേറ്റാൻ വിധിച്ചിരുന്നു. ഈ വിധിയാണ് ഇപ്പോള്‍ കാസേഷൻ കോടതി ശരിവെച്ചിരിക്കുന്നത്.
കുറ്റകൃത്യത്തെ വിശ്വാസത്തിന്റെയും മനുഷ്യാന്തസ്സിന്റെയും നഗ്നമായ ലംഘനമാണെന്ന് കോടതി വിധി ന്യായത്തില്‍ എടുത്തു പറഞ്ഞു. അതുകൊണ്ടു തന്നെ പ്രതി ഏറ്റവും കഠിനമായ ശിക്ഷയ്ക്ക് അർഹനാണെന്നും കോടതി പറഞ്ഞു.