അതുല്യയുടെ മരണത്തിന് പിന്നാലെ ഭര്‍ത്താവ് സതീഷിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്; പൊലീസ് കേസെടുത്തു

 


ഷാർജ: മലയാളി യുവതി അതുല്യയുടെ ദുരൂഹമരണത്തിന് പിന്നാലെ ഭര്‍ത്താവ് സതീഷ് ഫേസ്‌ബുക്കിലൂടെ പങ്കുവെച്ച പോസ്റ്റുകൾ ശ്രദ്ധേയമാകുന്നു. "അതു പോയി ഞാനും പോകുന്നു" എന്ന കുറിപ്പാണ് അതുല്യയുടെ മരണത്തിനു പിന്നാലെ സതീഷ് തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തത്. മരണത്തിന് ഒരു ദിവസം മുമ്പ് അതുല്യയോടൊപ്പം നില്‍ക്കുന്ന ചിത്രവും പിറന്നാള്‍ ദിവസം ഭാര്യയോടൊപ്പം എടുത്ത മറ്റൊരു ചിത്രവും സതീഷ് പങ്കുവെച്ചിരുന്നു.

അതുല്യയെ ആക്രമിച്ചപ്പോള്‍ സതീഷിന്റെ കൈയ്ക്ക് പൊട്ടലേറ്റുവെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. അതുല്യയുടെ സഹോദരി അഖിലയ്‌ക്കാണ് ഈ വിവരം അതുല്യ അറിയിച്ചത്. ഫേസ്ബുക്കില്‍ പങ്കുവെച്ച ചിത്രങ്ങളില്‍ സതീഷിന് ബാന്‍ഡേജിട്ട കൈ കാണാം. ഭാര്യയോടൊപ്പം ഉള്ള നിരവധി ചിത്രങ്ങളും ഇയാള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്.


അതുല്യയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ചവറ തെക്കുംഭാഗം പൊലീസ് കേസെടുത്തിട്ടുണ്ട്. ഭര്‍ത്താവ് സതീഷിനെതിരെ കൊലപാതകത്തിനും സ്ത്രീധന നിരോധന നിയമത്തിനും ആത്മഹത്യ പ്രേരണയ്ക്കുമുള്‍പ്പെടെയുള്ള വിവിധ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അതുല്യയുടെ മാതാപിതാക്കളുടെ മൊഴിയിലാണ് കേസ് അടിസ്ഥാനമാക്കിയത്.

വിവാഹസമയത്ത് 48 പവന്‍ സ്വര്‍ണം നല്‍കിയിട്ടും പിന്നീട് വീണ്ടും സ്വര്‍ണം ആവശ്യപ്പെട്ട് സതീഷ് മാനസിക പീഡനം നടത്തിയിരുന്നുവെന്ന് രക്ഷിതാക്കള്‍ കുറ്റപ്പെടുത്തി. 11 വര്‍ഷം മുമ്പ് 75,000 രൂപ നല്‍കി ബൈക്ക് വാങ്ങി നല്‍കിയിരുന്നെങ്കിലും പിന്നീട് കാറിനുള്ള ആവശ്യം ഉന്നയിച്ച് പീഡനം തുടരുകയായിരുന്നുവെന്നും അവരുടെ മൊഴിയില്‍ പറയുന്നു. അതുല്യ നേരത്തേ തന്നെ ഈ കാര്യങ്ങള്‍ രക്ഷിതാക്കളെ അറിയിച്ചിരുന്നു. സതീഷ് അതുല്യയെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടക്കമുള്ള തെളിവുകള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

വളരെ പുതിയ വളരെ പഴയ