ദോഹ:ലോകകപ്പിന് യോഗ്യത നേടിയ ഖത്തര്‍ ടീമില്‍ മലയാളി ഫുട്ബോളറും. തഹ്സിന്‍ മുഹമ്മദ് ജംഷീദാണ് അപൂര്‍വനേട്ടത്തിനുടമ. ലെഫ്റ്റ് വിങ്ങറായ താരം പകരക്കാരുടെ നിരയിലായിരുന്നു. 19-കാരന്‍ താരത്തിന് യുഎഇക്കെതിരായ മത്സരത്തില്‍ ഇറങ്ങാന്‍ അവസരം ലഭിച്ചിരുന്നില്ലെങ്കിലും ടീം യോഗ്യത നേടിയതോടെയാണ് ചരിത്രനേട്ടം സ്വന്തമായത്.
തലശ്ശേരി സ്വദേശിയും കാലിക്കറ്റ് യൂണിവേഴ്സിറ്റി മുന്‍താരവുമായ ജംഷീദിന്റെയും ഷൈമയുടെയും മകനാണ് തഹ്സിന്‍. കുടുംബം ഖത്തറില്‍ സ്ഥിരതാമസമാക്കിയതോടെയാണ് തഹ്സിന് ഖത്തര്‍ ടീമുകളില്‍ കളിക്കാന്‍ അവസരം കിട്ടുന്നത്.
ദേശീയ ടീമില്‍ ഒരു മത്സരത്തിലാണ് കളത്തിലിറങ്ങാന്‍ അവസരം ലഭിച്ചത്. യോഗ്യതാറൗണ്ടിന്റെ പ്രാഥമികഘട്ടത്തില്‍ അഫ്ഗാനിസ്താനെതിരേയായിരുന്നു കളിച്ചത്. ഇതിനുശേഷം ഇന്ത്യക്കെതിരായ മത്സരത്തില്‍ സ്‌ക്വാഡിലുണ്ടായിരുന്നെങ്കിലും അവസരം കിട്ടിയില്ല.
തുടര്‍ന്ന് കുറച്ചുകാലം ടീമിലുണ്ടായിരുന്നില്ലെങ്കിലും ഖത്തര്‍ അവസാനം കളിച്ച രണ്ട് മത്സരങ്ങളിലും സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തി. ഖത്തര്‍ അണ്ടര്‍-19, 17 ടീമുകളില്‍ കളിച്ചിട്ടുണ്ട്. അണ്ടര്‍-17 ടീമിനായും ഗോളും നേടി. ഖത്തര്‍ ടോപ് ലീഗില്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ വംശജനാണ്. അല്‍ ദുഹൈല്‍ ക്ലബ്ബിനായാണ് കളിച്ചത്.