സൗദി അറേബ്യ: സൗദി അറേബ്യയില്‍ ലക്ഷക്കണക്കിന് പേര്‍ക്ക് തൊഴില്‍ നല്‍കുന്ന പുതിയ പ്രൊജക്‌ട് വരുന്നു. കിങ് സല്‍മാന്‍ ഗേറ്റ് എന്ന പേരിലുള്ള പദ്ധതി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ചു.
മക്കയിലെ മസ്ജിദുല്‍ ഹറാമിനോട് ചേര്‍ന്ന് 12 ദശലക്ഷം ചതുരശ്ര മീറ്ററിലാണ് പ്രൊജക്‌ട്. സൗദിയിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നതാകും ഈ പദ്ധതി.
മക്കയിലെ അടിസ്ഥാന സൗകര്യങ്ങള്‍ കൂടുതല്‍ വിപുലമാക്കുകയാണ് ഭരണകൂടം. നഗര വികസനത്തിന്റെ ഭാഗം കൂടിയാണ് പദ്ധതി. ഒരു കെട്ടിടം മാത്രമാകില്ല കിങ് സല്‍മാന്‍ ഗേറ്റ്.
മക്കയിലേക്ക് തീര്‍ഥാടനത്തിന് വരുന്ന ലക്ഷക്കണക്കിന് ആളുകള്‍ക്ക് താമസിക്കാനും പ്രാര്‍ഥിക്കാനും ഷോപ്പിങിനുമുള്ള സൗകര്യം ഇവിടെയുണ്ടാകും. 9 ലക്ഷം തീര്‍ഥാടകര്‍ക്ക് സംഗമിക്കാന്‍ സാധിക്കുന്ന കേന്ദ്രം കൂടിയാകുമിത്.
50000 ബ്രാന്‍ന്റഡ് ഹൗസിങ് യൂണിറ്റുകള്‍, 16000 ഹോട്ടര്‍ മുറികള്‍, രണ്ട് ലക്ഷം ചതുരശ്ര മീറ്ററിലുള്ള വാണിജ്യ കേന്ദ്രങ്ങള്‍, ആയിരക്കണക്കിന് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സ്ഥലം എന്നിവയെല്ലാം ചേര്‍ന്നതാകും കിങ് സല്‍മാന്‍ ഗേറ്റ്. സൗദിയിലെ നിലവിലെ രാജാവാണ് സല്‍മാന്‍. അദ്ദേഹത്തിന്റെ മകന്‍ മുഹമ്മദ് ആണ് കിരീടവകാശി.
മക്കയ്ക്ക് ചുറ്റും 19000 ചതുരശ്ര മീറ്ററില്‍ പൈതൃക കേന്ദ്രം സ്ഥാപിക്കും. മക്കയുടെ ആധുനികവല്‍ക്കരണവും പദ്ധതിയുടെ ലക്ഷ്യമാണ്. വിഷന്‍ 2030 എന്ന ബ്രഹ്മാണ്ഡ പദ്ധതിയുടെ ഭാഗമാണിതെല്ലാം.
ക്രൂഡ് ഓയില്‍ വരുമാനത്തിന് പുറമെ മറ്റു ആദായ മാര്‍ഗങ്ങളും കണ്ടെത്തുന്ന പദ്ധതിയാണ് വിഷന്‍ 2030. 2036 ആകുമ്പോഴേക്കും കിങ് സല്‍മാന്‍ ഗേറ്റ് മൂന്ന് ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നാണ് പ്രതീക്ഷ.
വിദേശികള്‍ക്ക് ഇവിടെ സ്വത്ത് വാങ്ങാം
റുഅ അല്‍ ഹറം മക്കി കമ്പനി വഴി സൗദിയുടെ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് (പിഐഎഫ്) ആണ് പദ്ധതിക്ക് വേണ്ട മുതല്‍ മുടക്കുന്നത്. വിദേശികളായ മുസ്ലിങ്ങള്‍ക്കും ഇവിടെ സ്വത്ത് വാങ്ങാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.
സൗദികളല്ലാത്തവര്‍ക്ക് സൗദിയിലെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിക്ഷേപം ഇറക്കാന്‍ അനുമതി നല്‍കുന്ന നിയമം അടുത്തിടെ പാസാക്കിയിരുന്നു.
മക്കയിലെത്തുന്ന തീര്‍ഥാടകര്‍ക്ക് മികച്ച അനുഭവം സമ്മാനിക്കുക, സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്തുക, മക്കയുടെ ആത്മീയ പവിത്രത കാത്തു സൂക്ഷിക്കുക തുടങ്ങിയവ കിങ് സല്‍മാന്‍ ഗേറ്റിന്റെ ഭാഗമായി ലക്ഷ്യമിടുന്നു.
2030 ആകുമ്പോഴേക്കും മക്കയില്‍ പ്രതിവര്‍ഷമെത്തുന്ന തീര്‍ഥാടകരുടെ എണ്ണം മൂന്ന് കോടിയാക്കി ഉയര്‍ത്തുകയാണ് മുഹമ്മദ് ബിന്‍ സല്‍മാന്റെ ലക്ഷ്യം.
സാമ്പത്തിക പുരോഗതി ലക്ഷ്യമിട്ട് സൗദി അറേബ്യ അടുത്തിടെ നിരവധി പദ്ധതികളാണ് തുടക്കം കുറച്ചിരിക്കുന്നത്. ജിദ്ദയില്‍ ചെങ്കടല്‍ തീരത്തോട് ചേര്‍ന്നുള്ള നിയോം സിറ്റിയും അതിലൊന്നാണ്.
എന്നാല്‍ ക്രൂഡ് ഓയില്‍ വില കുറയുന്നത് സൗദി അറേബ്യയ്ക്ക് ഫണ്ട് പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. ക്രൂഡ് ഓയില്‍ ബാരല്‍ വില 96 ഡോളറിലെത്തിയാല്‍ സൗദിയുടെ എല്ലാ പദ്ധതികള്‍ക്കും വേഗത കൂടുമെന്നാണ് സാമ്പത്തിക നിരീക്ഷകര്‍ പറയുന്നത്.