ഷാർജ: ഷാര്‍ജയില്‍ മരിച്ച കൊല്ലം സ്വദേശി അതുല്യയുടെ മൃതദേഹം ഇന്ന് രാത്രി ഷാര്‍ജയില്‍ നിന്നും നാട്ടിലേക്ക് കൊണ്ടുപോകും.
ഷാര്‍ജയില്‍ നിന്ന് രാത്രി 10.20 നുള്ള എയര്‍ അറേബ്യ വിമാനത്തിലാണ് മൃതദേഹം നാട്ടിലേക്ക് എത്തിക്കുന്നത്. നാളെ പുലര്‍ച്ചെ 4:00ന് മൃതദേഹം തിരുവനന്തപുരത്ത് എത്തും.
ഈ മാസം 19ന് പുലര്‍ച്ചെയാണ് കൊല്ലം തേവലക്കര സ്വദേശി അതുല്യയെ ഷാര്‍ജയിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഫോറന്‍സിക് ഫലത്തില്‍ യുവതിയുടെ മരണം ആത്മഹത്യയെന്ന് സ്ഥിരീകരിച്ചിരുന്നു. അതുല്യയുടെ ഭര്‍ത്താവ് സതീഷിന് മരണത്തില്‍ പങ്കുണ്ടെന്ന് കാട്ടി കുടുംബാഗങ്ങള്‍ ഷാര്‍ജ പൊലീസിന് പരാതി നല്‍കിയിരുന്നു. അതുല്യയുടെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് സതീഷിനെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടിരുന്നു.
ദുബായിലെ ഒരു സ്വകാര്യ കമ്പനിയില്‍ സൈറ്റ് എഞ്ചിനീയറായിരുന്ന സതീഷിന് കമ്പനി രേഖാമൂലം പിരിച്ചു വിടല്‍ കത്ത് നല്‍കിയിരുന്നു.
ഭര്‍ത്താവ് സതീഷ് ശങ്കറിന്റെ പീഡനമാണ് അതുല്യയുടെ മരണ കാരണമെന്ന് കുടുംബവും സുഹൃത്തുക്കളും ആരോപിച്ചിരുന്നു.
സതീഷ് മര്‍ദിക്കുന്ന ദൃശ്യങ്ങളും സുഹൃത്തുക്കളോട് ക്രൂര പീഡനത്തിന്റെ കാര്യങ്ങള്‍ അതുല്യ പറയുന്ന ശബ്ദ സന്ദേശങ്ങളും പുറത്തു വന്നിരുന്നു.